ന്യൂദല്‍ഹി: ജിതിന് പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതോടെ, ചര്‍ച്ചകളുടെ മുന്‍നിരയിലേക്ക് ഉയര്‍ന്ന് സച്ചിന് പൈലറ്റിന്റെ പേര്. യുവ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും പ്രസാദയ്ക്കും ശേഷം അടുത്തതായി പാര്‍ട്ടിവിടുക സച്ചിനായിരിക്കുമോയെന്ന് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നു. കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയശേഷം സച്ചിന് പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി സച്ചിനുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ഉലയ്ക്കുന്നത്. യുവനേതാവ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്പുതന്നെ പ്രതിസന്ധിയിലാകാം. തിരുത്തല്‍ നടപടികളുണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നായിരുന്നു നെഹ്റു കുടുംബവുമായുള്ള ചര്‍ച്ചയ്ക്കുശേഷം പരസ്യപ്രതിഷേധത്തില്‍നിന്ന് പിന്മാറിക്കൊണ്ട് സച്ചിന് പൈലറ്റ് മാധ്യമങ്ങളോട് അന്ന് വ്യക്തമാക്കിയത്.
തിങ്കളാഴ്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം പാര്ട്ടിനേതൃത്തെ ഇക്കാര്യം ഒര്‍മിപ്പിക്കുകയും ചെയ്തു. ‘ഇപ്പോള്‍ പത്ത് മാസമായിരിക്കുന്നു. സമിതി പെട്ടെന്ന് നടപടികളെടുക്കുമെന്നായിരുന്നു ഞാന്‍ മനസിലാക്കിയിരുന്നത്. കാലവധിയുടെ പകുതി പിന്നിട്ടു, ആ പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ജനവധി ലഭിക്കാന്‍ പ്രവര്‍ത്തിക്കുകയും എല്ലാം നല്‍കുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ കേള്‍ക്കാത്തത് നിര്‍ഭാഗ്യകരമാണ്’.-ഹിന്ദുസ്ഥാന്‍ ടൈംസിനോട് അദ്ദേഹം പറഞ്ഞു.
ഇത്രയും സമയം ലഭിച്ചിട്ടും അശോക് ഗെലോട്ടിനെയും സച്ചിന് പൈലറ്റിനെയും യോജിപ്പിച്ചു കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് ബുദ്ധിട്ടുകള്‍ നേരിടുന്നു. പൈലറ്റിന്റെ ക്യാംപില്‍നിന്ന് കൂടുതല്‍ പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരുമാര്‍ഗം. ഗെലോട്ട് ഇതിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഇത് നീട്ടിക്കൊണ്ടുപോകുകയാണ്. പൈലറ്റിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി ഓഗസ്റ്റിന് ശേഷം യോഗം ചേര്‍ന്നിട്ടില്ല.
ഒരംഗം അഹമ്മദ് പട്ടേല്‍ നവംബറില്‍ കോവിഡ് ബാധിച്ച് മരിച്ചു. സച്ചിന് പൈലറ്റ്, പിന്തുണയ്ക്കുന്ന എംഎല്‍എമാരെ കൂട്ടി ജയ്പൂര്‍ വിട്ട് ദല്‍ഹിയിലുള്ള ഹോട്ടലില്‍ മുറിയെടുത്തതോടെയാണ് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരെയും ഗെലോട്ട് ഒപ്പം നിര്‍ത്തി സര്‍ക്കാരിനുള്ള ഭീഷണി മറികടന്നു. തുടര്‍ന്ന് ദുര്‍ബലനായ സച്ചിന് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പില്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: