ന്യൂദല്‍ഹി: 2021-22 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 1,940 രൂപയാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 72 രൂപയാണ് വര്‍ധിപ്പിച്ചത്. പുതിയ കാര്‍ഷിക നിയമം പഠിച്ച് നടപ്പാക്കിയതെന്നും കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. ഖാരിഫ് കൃഷിക്കു ഉള്‍പ്പെടെയാണ് താങ്ങുവില കൂട്ടിയിരിക്കുന്നത്. എള്ളിന് ക്വിന്റളിന് 452 രൂപയുടെ വര്‍ധന നല്കിയപ്പോള് ഉഴുന്നിന് 300 രൂപയും നല്കി.
ധനകാര്യം സംബന്ധിച്ച പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് സമിതിയുടെ യോഗത്തിനുശേഷമാണ് നരേന്ദ്രസിംഗ് തോമര്‍ പ്രഖ്യാപനം നടത്തിയത്. ‘താങ്ങുവില സംബന്ധിച്ച് ആര്‍ക്കും തെറ്റിദ്ധാരണയുണ്ടാകരുത്. അത് തുടരുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭാവിയിലും തുടരും’- മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ തോമര്‍ പറഞ്ഞു. താങ്ങുവില തുടരുമെന്ന് പാര്‍ലമെന്റിലും ഞങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തെങ്കിലും നിര്‍ദേശവുമായി മുന്നോട്ടുവന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് മന്ത്രി വ്യക്തമാക്കി. കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ വിളകൾ വാങ്ങുമ്പോള്‍ നല്കുന്ന നിരക്കാണ് താങ്ങുവില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: