ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ യസീദികളുടെ വംശഹത്യ നടപ്പാക്കിയെന്ന് യുഎന്‍ അന്വേഷകരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തു. ഇതോടു കൂടി വിഷയം അന്താരാഷ്‌ട്ര നീതിന്യായ കോടതിയ്‌ക്ക് കൈമാറുന്നതിനായി ഐക്യരാഷ്‌ട്ര സഭാ സെക്യൂരിറ്റി കൗണ്‍സിലിനു മേല്‍ സമ്മര്‍ദ്ദം മുറുകുകയാണ്. വ്യക്തമായ തെളിവുകളോട് കൂടിയാണ് യുഎന്‍ അന്വേഷകരുടെ ഈ കണ്ടെത്തല്‍.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന യസീദി മതത്തിന് പ്രത്യേക വേദപുസ്തകമോ പ്രവാചകനോ ഇല്ല. ശെയ്ഖ് അദി ഇബ്ന്‍ മുസാഫിര്‍ എന്ന സൂഫി പ്രബോധകനെയാണ് മതസ്ഥാപകന്‍. ഇറാഖില്‍ ജീവിച്ച സൊരാഷ്‌ട്രിയന്‍ മതം, ഇസ്ലാം മതം, നെസ്റ്റോറിയന്‍ ക്രിസ്തുമതം, പ്രാഗ് ഇസ്ലാമിക അസ്സീറിയന്‍ മതവീക്ഷണങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട വ്യക്തിയായിരുന്നു മുസാഫിര്‍ . അതിനാല്‍ത്തന്നെ യസീദിമതം വ്യത്യസ്ത മതങ്ങളുടെ മേളനത്തില്‍നിന്നുണ്ടായ ഒരു സമന്വയിത മതമത്രേ.
ഇറാഖിനു പുറമെ സിറിയ, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും ചുരുങ്ങിയ തോതില്‍ യസീദികളുണ്ട്. പ്രധാനമായും നാല് മുസ്ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍ ജീവിക്കുന്ന ഈ മതവിഭാഗത്തെ ഓരോ ദേശത്തേയും മുസ്ലിം ജനത ശൈത്താനെ (സാത്താനെ) ആരാധിക്കുന്നവര്‍ എന്നു വസ്തുതാവിരുദ്ധമായി മുദ്രകുത്തി പീഡിപ്പിച്ചു പോരുകയും പ്രാന്തീകരിച്ചുപോരുകയും ചെയ്തുപോന്നതാണ് ചരിത്രം. ഏക ദൈവവിശ്വാസികളായ യസീദികള്‍ നരകം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ല. നന്മയും തിന്മയും ഓരോ മനുഷ്യനകത്തുമുണ്ടെന്നും ആന്തര ശുദ്ധീകരണത്തിലൂടെ തിന്മയെ കീഴ്‌പെടുത്തുകയാണ് വേണ്ടതെന്നുമാണ് സൂഫി പാരമ്പര്യം പിന്തുടര്‍ന്ന ശെയ്ഖ് അദി ഇബ്ന്‍ മുസാഫിര്‍ അവരെ പഠിപ്പിച്ചത്.
ഇറാഖിലേയും മറ്റും സുന്നി മുസ്ലിങ്ങള്‍ ‘കാഫാര്‍’ (അവിശ്വാസികള്‍) എന്നു ചാപ്പകുത്തി തങ്ങളെ നിര്‍ദ്ദയം ആട്ടിയകറ്റുകയും പലമട്ടില്‍ ദ്രോഹിക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധ സമ്പ്രദായം പിന്തുടര്‍ന്നത് കാരണം മലഞ്ചരിവുകളില്‍ തങ്ങളുടേതായ വാസസ്ഥലങ്ങളില്‍ ഒതുങ്ങി ജീവിച്ചുപോരുകയാണ് യസീദികള്‍. ആരെയും ദ്രോഹിക്കാതെ, ആരുടേയും കാര്യങ്ങളില്‍ ഇടപെടാതെ തങ്ങളുടെ വിശ്വാസാചാരങ്ങളുമായി ഇടയ ജീവിതമോ കാര്‍ഷിക ജീവിതമോ നയിച്ച് മുന്നോട്ടുപോകുന്നതിലപ്പുറം മറ്റൊന്നും ആഗ്രഹിക്കാനുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഇല്ലാത്തവരായിരുന്നു യസീദി മതക്കാര്‍.
എല്ലാ അര്‍ത്ഥത്തിലും ഹതഭാഗ്യര്‍ എന്നു വിശേഷിപ്പിക്കേണ്ട ആ ജനതയുടെ ജീവിതം അടിമുടി തകര്‍ക്കപ്പെട്ടു 2014-ല്‍. ആ വര്‍ഷം ഓഗസ്റ്റില്‍ ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്) എന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത പടയാളികള്‍ യസീദികളുടെ ആവാസ കേന്ദ്രങ്ങളില്‍ സംഹാര താണ്ഡവമാടി. പുരുഷന്മാരേയും പ്രായം ചെന്ന സ്ത്രീകളേയും അവര്‍ കൊന്നുതള്ളി; ബാലികമാരേയും യുവതികളേയും പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കി മാറ്റി.
പ്രസിദ്ധ ബ്രിട്ടീഷ് നിയമജ്ഞന്‍ കരീം ഖാന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍, വംശഹത്യ തുടങ്ങിയവ നടന്നതിനുള്ള ‘വ്യക്തവും നിസ്സംശയവുമായ’ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ഈയാഴ്ച യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന് മുന്നില്‍ സംഘം മൊഴി നല്കിയത്. ജൂണ്‍ മാസം പകുതിയോടു കൂടി അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെ പ്രൊസീക്യൂട്ടറായി ചാര്‍ജ്ജെടുക്കാന്‍ തയ്യാറെടുക്കുന്ന നിയമജ്ഞനാണ് കരീം ഖാന്‍. അന്താരാഷ്‌ട്ര നിയമ സംവിധാനത്തിലെ വളരെ സ്വാധീനശക്തിയുള്ള പദവിയാണിത്.
2014 ആഗസ്തിലാണ് ഐഎസ്ഐഎസ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് യാസീദികളുടെ ജന്മദേശം കീഴടക്കിയത്. അവര്‍ യസീദികളെ ശാരീരികമായും, ജീവശാസ്ത്രപരമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് കുടുംബങ്ങളെ കൂട്ടക്കൊല ചെയ്യുകയും, ചെറുപ്പക്കാരായ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും, ലക്ഷക്കണക്കിന് പേരെ നാടു വിട്ടോടാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു. കരീം ഖാന്‍ പറഞ്ഞു.
‘മതം മാറുക അല്ലെങ്കില്‍ മരിയ്‌ക്കുക’ എന്ന വ്യക്തമായ അന്ത്യശാസനയാണ് സിന്‍ജാര്‍ ജില്ലയിലെ യസീദി ഗ്രാമങ്ങളില്‍ പുറപ്പെടുവിച്ചത്. കരീം ഖാന്‍ സെക്യൂരിറ്റി കൗണ്‍സിലിനോട് പറഞ്ഞു. തുടര്‍ന്നുണ്ടായ മൃഗീയമായ കൊലകള്‍, പ്രത്യേകിച്ചും കുട്ടികളുടെ കൊലപാതകങ്ങള്‍ ‘മനുഷ്യ മനസ്സാക്ഷിയെ ഉലയ്‌ക്കുന്നതും ആത്മാവിനെ മരവിപ്പിക്കുന്നതുമായിരുന്നു’
നാല്‍പ്പതിനായിരത്തിലധികം യസീദികള്‍ സ്വദേശത്തു നിന്ന് പാലായനം ചെയ്ത് സിന്‍ജാര്‍ മലഞ്ചെരുവില്‍ അഭയം തേടിയതോടെയാണ് ഈ ദുരന്തം ലോക ശ്രദ്ധയില്‍ വന്നത്. അവിടെ അവര്‍ മരണം പ്രതീക്ഷിച്ച് കാത്തിരിയ്‌ക്കുകയായിരുന്നു. എന്നാല്‍ പ്രസിഡണ്ട് ഒബാമയുടെ ഉത്തരവനുസരിച്ച് അമേരിക്കന്‍ സേന ഐസിസിനു മേല്‍ വ്യോമാക്രമണം നടത്തി. അതിന്റെ മറവില്‍ അവിടെയുണ്ടായിരുന്ന യസീദികളില്‍ ഭൂരിപക്ഷത്തേയും കുര്‍ദിഷ് പോരാളികള്‍ രക്ഷിയ്‌ക്കുകയുണ്ടായി.
2014 ജൂണില്‍ തിക്രിത്ത് എയര്‍ അക്കാദമിയില്‍ നിരായുധരായ കാഡറ്റുകളേയും, സൈനിക ഉദ്യോഗസ്ഥരേയും കൂട്ടക്കൊല നടത്തിയ സംഭവത്തിലും, വംശഹത്യ നടത്താന്‍ പ്രേരിപ്പിച്ചു കൊണ്ടുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്ന കാര്യം യൂണിറ്റാഡ് അന്വേഷക സംഘത്തിന് വ്യക്തമായിക്കഴിഞ്ഞു. ഖാന്‍ പറഞ്ഞു.
യസീദികള്‍ക്കെതിരെ അക്രമം പ്രവര്‍ത്തിച്ച ആയിരത്തിയഞ്ഞൂറോളം പേരെ അന്വേഷക സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. തിക്രിത്തിലെ കൂട്ട ശവക്കുഴികളില്‍ നിന്ന് കണ്ടെത്തിയ 875 ഇരകളേയും, ആ കുറ്റകൃത്യത്തിന്റെ ഉത്തരവാദികള്‍ എന്നു കരുതുന്ന മറ്റ് 20 പേരെയും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: