തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരേ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം നിയമസഭയില്‍. വനം കൊള്ളക്കാര്‍ കോഴിക്കോട് വെച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ കണ്ടെന്നും മാധ്യമസ്ഥാപനത്തിലെ ഉന്നതന് മധ്യസ്ഥത നിന്നുവെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി. തോമസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി എം.വി. നികേഷ് കുമാറിനെ ലക്ഷ്യമിട്ടാണ് പി.ടി. തോമസിന്റെ ആരോപണം. വനംമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും വനം കൊള്ളയ്ക്ക് കാരണമായ ഒക്ടോബറിലെ ഉത്തരവ് ഫെബ്രുവരിയില്‍ റദ്ദാക്കിയത് അത് നിയമവിരുദ്ധമായതുകൊണ്ടാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു.
കേരളത്തിലെ കാട് വെട്ടിവെളിപ്പിച്ച കേസ് അട്ടിമറിക്കാന്‍ രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്‍പ്പെടെ വന്‍ ഗൂഢാലോചന നടന്നതായി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നനിു പിന്നാലെയാണ് വിഷയം സഭയെ പ്രക്ഷുബ്ധമാക്കിയത്. വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ മുന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാര്‍ നേതൃത്വം നല്കുന്ന റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്, ആന്റോ എന്നിവര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രമിച്ചുവെന്നും അദേഹം പറയുന്നു.
വനംവകുപ്പ് ഉത്തരവില്‍ മാറ്റംവരുത്തി മരം മുറിക്കാന്‍ ഒത്താശ ചെയ്തത് പിണറായി സര്‍ക്കാരിലെ പ്രമുഖര്‍ അറിഞ്ഞാണെന്ന് വ്യക്തമാകുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാന ഭരണകൂടം, ഭരണകക്ഷി രാഷ്ട്രീയ നേതൃത്വം, ഉപജാപകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ കൂട്ടുകെട്ട് പ്രത്യേക ലക്ഷ്യമിട്ട് വനംകൊള്ളക്കാര്‍ക്ക് ഇടക്കാല അവസരം ഒരുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.തെളിവുകളും റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിട്ടും പ്രതികളെ പിടിക്കാത്ത് ഈ കൂട്ടിടപാടിനെ തുടര്‍ന്നാണെന്നാണ് പൊതുവെ ആക്ഷേപം.
ജില്ലാ കളക്ടറുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കളക്ടര്‍ക്ക് മാത്രമല്ല ഡിഎഫ്ഒ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. മരംമുറിക്ക് കൂട്ടു നില്ക്കാന് ജില്ലാ കളക്ടര്‍ക്ക് മേല്‍ ഉന്നതരില്‍ നിന്ന് സമ്മര്‍ദമുണ്ടായതായും ആരോപണമുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പട്ടാപ്പകലായിരുന്നു മരം കൊള്ള. തെരഞ്ഞെടുപ്പ് അടുക്കുന്ന കാലത്ത് ഇത്തരത്തില്‍ വനംകൊള്ളക്കാര്‍ക്ക് അവസരമൊരുക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതിനു പിന്നില്‍ മറ്റ് ഗൂഢ ആസൂത്രണവും ലക്ഷ്യവും ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വിപുലമായ അന്വേഷണത്തിലൂടെയേ വ്യക്തത വരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: