ലക്ഷ്യച്യുതം ചേദ്
യദി ചിത്തമീഷദ്-
ബഹിര്മുഖം സന്നിപതേത്
തതസ്തതഃ
പ്രമാദതഃ പ്രച്യുത-
കേളി കന്ദുക
സോപാനപങ്ക്തൗ
പതിതോ യഥാ തഥാ
മാളിക മുകളില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്താലോ അശ്രദ്ധയാലോ കളിപ്പന്ത് പടിക്കെട്ടില്‍ വീണാല്‍ പിടിച്ചെടുക്കാന്‍ പറ്റില്ല. മനസ്സ് ആത്മസാക്ഷാത്കാരമായ ലക്ഷ്യത്തില്‍ നിന്ന് ചലിച്ച് അല്പമെങ്കിലും ബഹിര്മുഖമായിപ്പോയാല് വലിയ നാശമാകും.
അശ്രദ്ധ കാരണം കോണിപ്പടിയില്‍ വീണ പന്തുപോലെ താഴേക്ക് താഴേക്ക് പടാപടാന്ന് വീഴും.
അറിവുള്ളവര്‍ പോലും അധഃപതിക്കാന്‍ കാരണം പരമലക്ഷ്യത്തില്‍ നിന്ന് അവരുടെ ശ്രദ്ധ വ്യതിചലിച്ച് പോകുന്നതാണ്. ശ്രദ്ധയ്ക്ക് അല്പമെങ്കിലും മാറ്റം വന്നാല്‍ മനസ്സ് പുറത്തേക്കോടും. അന്തര്മുഖമല്ലാതായാല് മനസ്സിന് ബഹിര്മുഖമാകാതിരിക്കാന് പറ്റില്ല.
മനസ്സ് ഉള്ളിലെ പിടി വിട്ടാല്‍ അതെങ്ങോട്ട് വേണമെങ്കിലും പായാം. വലിയ ലക്ഷ്യത്തില്‍ നിന്ന് ചിന്തയ്ക്ക് ചെറിയ ഇളക്കം തട്ടിയാല്‍ അത് വിഷയങ്ങളിലേക്ക് കുതിക്കും. അനാത്മാക്കളിലേക്ക് നീങ്ങിയാല്‍ അഹങ്കാരം, ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവയിലേക്ക് വീണുപോകും.
വിഷയത്തെക്കുറിച്ചോര്ക്കുന്നയാള്ക്ക് ക്രമത്തില്‍ നാശം സംഭവിക്കും. സ്വരൂപ വിസ്മൃതി ദുഃഖത്തിന് കാരണമാകും. അധഃപതനത്തിന്റെ ഫലമായി ദാരുണ ദുഃഖം ജീവന് അനുഭവിക്കണം.
കോണിപ്പടിയില്‍ വെച്ച് വീണുപോയ പന്ത് തോന്നിയ പോലെ തെന്നിത്തെറിച്ച് താഴേക്ക് ചട പടാന്ന് വീഴും. ഓരോ പടിയിലും ക്രമമായി ആയിരിക്കുകയില്ല വീഴുക. വളരെയധികം പടിക്കെട്ടുകളുള്ള പഴനിമലപോലെയുള്ള സ്ഥലങ്ങളിലോ, ശബരിമല കാനനപാതയിലെ പടിക്കെട്ടുകളിലോ മറ്റോ ആണെങ്കില്‍ പറയുകയേ വേണ്ട. എവിടെയായാലും പടിക്കെട്ടില്‍ വെച്ച് താഴെ വീണ പന്ത് പടികളിലും ചുമരുകളിലും തട്ടിയും തെറ്റിച്ചും ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കും. ചിലപ്പോള്‍ മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കുമൊക്കെ പോകും. ആ വലിയ വീഴ്ച ഏറ്റവും താഴെചെന്നേ അവസാനിക്കുകയുള്ളൂ. അവിടെ എത്തി അവസാന ഇളക്കവും നിലച്ച് നിശ്ചലമായി കിടക്കും.
മനസ്സിന്റെ കാര്യം ഇതുപോലെയോ ഇതിനേക്കാള്‍ കഷ്ടമോ ആണ്. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതി അത് തെന്നിത്തെറിച്ച് പോകും. അതിനാല്‍ മനോനിയന്ത്രണത്തില് വളരെ നല്ല കരുതല്‍ തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: