കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനമായ കളക്ട്രേറ്റിന്റെ നാല് ചുറ്റും കാടുകയറി. ആളും ആരവവുമില്ലാതെ, കൃത്യമായ പരിപാലനമോ ശുചീകരണമോ ഇല്ലാതെ ഇവിടം ക്ഷുദ്രജീവികളുടെ താവളമായിട്ടും കളക്ടര്‍ അടക്കം അറിഞ്ഞ മട്ടില്ല.
മഴക്കാല പൂര്‍വ ശുചീകരണം ജില്ലാ ആസ്ഥാനത്ത് നിന്നും തുടങ്ങണമെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ പക്ഷം. കളക്ടറേറ്റിന്റെ നാല് ചുറ്റും വള്ളിപ്പടര്‍പ്പുകള്‍ മൂടി കാടുപിടിച്ചു. ഒരുഭാഗത്ത് പാഴ്മരങ്ങള്‍ കൊണ്ട് നിറഞ്ഞു. മാലിന്യം കുന്നുകൂടി ചെറുവെള്ളക്കെട്ടുകളില്‍ കൊതുകും കൂത്താടിയും കൊണ്ട് നിറഞ്ഞു കിടക്കുന്നു. കളകട്രേറ്റിന്റെ മുന്‍വശത്തെ പ്രധാനകവാടത്തില്‍ പൂര്‍ണ്ണമായും കാട് പിടിച്ചു. മുറിച്ചിട്ട മരങ്ങളുടെ അവശിഷ്ടങ്ങളാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഇവിടെ കാന്റീന് പരിസരത്ത് പലയിടത്തും വെള്ളം കെട്ടിനിന്ന് കൊതുകും കൂത്താടിയുമാണ്.
മാലിന്യസംസ്കരണ പ്ലാന്റിന്റെ നാല് ചുറ്റും മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞു കാട് പിടിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഭാഗത്തും സ്ഥിതി വിഭിന്നമല്ല. ഇവിടെയും പലയിടത്തും മരങ്ങള്‍ വളര്‍ന്നു നില്ക്കുന്നു. ജില്ലാ കളകട്രേറ്റിന്റെ വടക്ക് ഭാഗം ദേശിയപാതയ്ക്ക് അഭിമുഖമായുള്ള ഇവിടെ കാട് കയറി മാലിന്യകൂമ്പാരമാണ് ഇവിടേക്ക് നാളിതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ജില്ലയുടെ ഭരണസിരാ കേന്ദ്രത്തിന്റെ അവസ്ഥയാണിത്. സമാനമാണ് നഗരത്തിലെ ഭൂരിഭാഗം സ്ഥലങ്ങളുടെയും അവസ്ഥ. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ മാലിന്യനിക്ഷേപം കുറഞ്ഞെങ്കിലും മഴക്കാല ശുചീകരണ പ്രവര്‍ത്തങ്ങള്‍ എങ്ങും നടന്നിട്ടില്ല. നഗരപ്രദേശങ്ങളിലെ പലയിടത്തും വെള്ളക്കെട്ടുകള്‍ മാലിന്യം നിറഞ്ഞതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: