തിരുവനന്തപുരം: ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം, ആലപ്പുഴ ജില്ലകളിലെ ദേശീയപാത 66-ലെ രണ്ടു റീച്ചുകളിലെ നിര്‍മാണത്തിനായി 5,539 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കൊല്ലം കടമ്പാട്ട്കോണം മുതല്‍ ബൈപ്പാസ് വരെയുള്ള റീച്ചിന് 2,704 കോടി, ബൈപ്പാസ് മുതല്‍ ആലപ്പുഴയിലെ കൊറ്റംകുളങ്ങര വരെയുള്ള രണ്ടാമത്തെ റീച്ചിന് 2,835 കോടി എന്നിങ്ങനെയാണ് പണം അനുവദിച്ചത്. ദേശീയപാതകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ഭാരത്മാല. പദ്ധതിക്കായി ആവശ്യമായി വരുന്ന 64 ഹെക്ടര്‍ സ്ഥലത്തില്‍ 30 ഹെക്ടര്‍ ഏറ്റെടുത്തു.
ഓഗസ്റ്റോടെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായശേഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് നിരത്തിന് വീതി കൂട്ടും. രണ്ടുവര്‍ഷം മുന്‍പാണ് ആറുവരി പാതയ്ക്കായുള്ള നടപടികള്‍ ആരംഭിച്ചത്. ആലപ്പുഴ കൊറ്റംകുളങ്ങര മുതല്‍ പാരിപ്പള്ളി കടമ്പാട്ട്കോണം വരെ രണ്ടു റീച്ചായി പാത നിര്‍മിക്കുന്നത് 2,467 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ഡിസംബറില്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മതുല്‍ കഴക്കൂട്ടംവരെ 173 കിലോമീറ്ററാണ് ദേശീയപാത 66-ല്‍ വികസനം നടക്കുന്നത്. ആറുവരിയായി മാറുമ്പോള്‍ നിലവിലെ പാലങ്ങള്‍ക്ക് സമാന്തരമായി പുതിയ പാലങ്ങള്‍ പണിയും. ദേശീയപാതയ്ക്ക് 45 മീറ്റര്‍ വീതിയുണ്ടാകും. 29 മീറ്ററില്‍ ടാറിംഗ് നടക്കും. ഏഴര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും സര്‍വീസ് റോഡുകള്‍. നിര്‍മാണത്തിന് രണ്ടുവര്‍ഷമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: