തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ട്വിറ്ററിലൂടെയാണ് കേരള സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതം ചെയ്യുന്നതായി അദേഹം പ്രതികരിച്ചത്. ശബരിമല തീര്‍ത്ഥാടകരെയും വാക്സിനേഷന് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
വാക്സിനേഷന് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം മുന്‍ഗണനാ പട്ടിക വിപുലീകരിച്ചിരുന്നു. ഹജ്ജ് തീര്‍ത്ഥാടകരും കിടപ്പുരോഗികളും ഉള്‍പ്പെടെ 11 വിഭാഗങ്ങളെയാണ് പട്ടികയില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. ആദിവാസി കോളനികളിലെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തു. പൊലീസ് ട്രയിനി, ഫീല്‍ഡില്‍ ജോലി ചെയ്യുന്ന മെട്രോ റെയില്‍ ഫീല്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്കും വാക്സിന് ലഭ്യമാക്കും.
കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ളവര്‍ 1,74,526 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 24,16,639 പേര് ആകെ രോഗമുക്തിനേടി. 25,860 പേര് ഇന്ന് രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: