ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് അമേരിക്ക കൊവിഡ് വാക്സിന് നല്‍കും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗോളതലത്തില്‍ 25 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് അമേരിക്ക ഇന്ത്യയ്ക്ക് വാക്സിന് നല്‍കുക.
ഇന്ത്യയ്ക്ക് വാക്സിന് കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. ഇന്ത്യ, യുഎസ് വാക്സിന് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മോദി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ നല്കുന്ന 25 മില്യണ്‍ ഡോസില്‍ ആറ് മില്യണ്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ക്ക് അമേരിക്ക നേരിട്ട് വാക്സിന് കൈമാറും. ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ ഡോസ് വാക്സിന് ആഗോളതലത്തില്‍ വിതരണം ചെയ്യാനാണ് അമേരിക്ക ആലോചിക്കുന്നത്.
മെക്സിക്കോ പ്രസിഡന്റ് അന്‍ഡ്രസ് മാനുവല്‍ ലോപസ്, ഗ്വാട്ടമാല പ്രസിഡന്റ് അലഹാന്ദ്രോ ജിയാമത്തി, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും കൊവിഡ് വാക്സിന് നല്‍കുമെന്ന് കമല ഹാരിസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: