റിയോ ഡിജനീറോ: അവസാന നിമഷം ബ്രസീലിലേക്ക് മാറ്റിയ കോപ്പ അമേരിക്കയുടെ ഉദ്ഘാടന മത്സരത്തില്‍ ആതിേഥയരായ ബ്രസീല്‍ വെനീസ്വലയെ നേരിടും. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിലാണ് ഈ മത്സരം. ഫൈനല്‍ മത്സരം റിയോഡിജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ നടക്കും . ജൂണ്‍ പതിമൂന്ന് മുതല്‍ ജൂലൈ പത്ത് വരെയാണ് ടൂര്‍ണമെന്റ്.
കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഈ ടൂര്‍ണമെന്റ് കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. നേരത്തെ ആതിഥേയരായി നിശ്ചയിച്ചിരുന്ന അര്‍ജന്റീനയേയും കൊളംബിയയേയും മാറ്റിയാണ് ചാമ്പ്യന്‍ഷിപ്പ് അവസാന നിമഷം ബ്രസീലിന് അനുവദിച്ചത്. കൊളംബിയയിലും അര്‍ജന്റീനയിലും കൊവിഡ് കേസുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് വേദി മാറ്റിയത്.
കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പുമായി മുന്നോട്ടുപോകുമെന്ന് ബ്രസീല്‍ ഭരണാധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടൂര്‍ണമെന്റില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ മാറ്റുരയ്ക്കുന്നത്. ആതിഥേയരായ ബ്രസീല്‍ ഗ്രൂപ്പ് ബിയിലാണ്. വെനീസ്വല, കൊളംബിയ, ഇക്വഡോര്‍, പെറു എന്നിവയാണ് ഈഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ പതിമൂന്നിന് മാനെ ഗരിഞ്ച സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ വെനീസ്വലയെ എതിരിടും.
അര്‍ജന്റീന ഗ്രൂപ്പ് എയില്‍ ആദ്യ മത്സരത്തില്‍ ജൂണ്‍ പതിനാലിന് ചിലിയെ നേരിടും. ബൊളീവിയ, പരാഗ്വ, ഉറുഗ്വെ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
സെമിഫൈനല്‍ മത്സരങ്ങള്‍ ജൂലൈ അഞ്ച്, ആറ് തീയതികളില്‍ നടക്കും. നില്‍ട്ടന്‍ സാന്റോസ് സ്റ്റേഡിയം, മാനെ ഗരിഞ്ച സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സെമിഫെനലുകള് നടക്കുക. ഫൈനല്‍ ജൂലൈ പത്തിന് മാറക്കാന സ്റ്റേഡിയത്തില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: