ലണ്ടന്‍: ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയുടെ ഇരട്ട സെഞ്ചുറിയില്‍ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട സ്കോര്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ന്യസിലന്‍ഡ് 378 റണ്‍സിന് പുറത്തായി. ലോര്‍ഡ്സില്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച കോണ്‍വേ 200 റണ്‍സ് കുറിച്ചാണ് മടങ്ങിയത്.
ഇതോടെ ലോര്‍ഡ്സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടുന്ന താരമെന്ന റെക്കോഡ് കോണ്‍വേയ്ക്ക് സ്വന്തമായി. 125 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം കെ.എസ്. രഞ്ജിത് സിങ്ജി സ്ഥാപിച്ച റെക്കോഡാണ് വഴിമാറിയത്. 1896ല്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ 154 റണ്‍സ് നേടിയാണ് രഞ്ജിത് സിങ് ജി റെക്കോഡിട്ടത്.
ആദ്യ ദിനത്തില്‍ 136 പുറത്താകാതെ നിന്ന കോണ്‍വേ ഇന്നലെ 200 റണ്‍സ് തികച്ച മടങ്ങി. 347 പന്തില്‍ 22 ഫോറും ഒരു സിക്സറും അടിച്ചു. മധ്യനിര ബാറ്റ്സ്മാനായ ഹെന്റി നിക്കോള്‍സണ്‍ 61 റണ്‍സ് എടുത്തു. പതിനൊന്നമനായ നീഗ് വാഗ്നര്‍ 25 റണ്‍സുമായി കീഴടങ്ങാതെ നിന്നു. മറ്റ് ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചു നില്ക്കാനായില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പതിമൂന്ന് റണ്‍സിന് കീഴടങ്ങി.
ഇംഗ്ലണ്ടിനായി ഒലി റോബിന് സണ്‍ നാലു വിക്കറ്റും മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: