നെയ്യാര്‍ ഡാം: മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭ്യമല്ലാതിരുന്ന മലയോര ഗ്രാമത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് മൊബൈല്‍ ടവര്‍ നിര്‍മ്മാണം സാധ്യമാക്കിയ ആടുവള്ളി ഗ്രാമത്തില്‍ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ദക്ഷിണമോഹുവിന് ഓണ്‍ലൈന്‍ പഠനം സുഗമമായി. ദക്ഷിണമോഹു മാത്രമല്ല, വീടിന് ചുറ്റുപാടുമുള്ള ഗ്രാമത്തിലെ മുഴുവന്‍ കുട്ടികളും ഈവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവവും തുടര്‍ന്നുള്ള ഓണ്‍ലൈന്‍ ക്ലാസുകളും അറിഞ്ഞ് ആസ്വദിച്ചു.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പഠനത്തിലേക്ക് കേരളം നീങ്ങിയപ്പോള്‍ ദക്ഷിണമോഹുവിന് പഠനം അന്യമായി. മൊബൈല്‍ ടവര്‍ ഇല്ലാത്തതിനാല്‍ ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ഈ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസുകള്‍ ഒന്നും മൊബൈലില്‍ കാണാന്‍ കഴിയുമായിരുന്നില്ല. റേഞ്ച് ഇല്ലാത്തതാണ് കാരണമെന്നറിഞ്ഞു. നല്ലൊരു ടവര്‍ വന്നാല്‍ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ദക്ഷിണ മനസ്സിലാക്കി. രണ്ടാമതൊന്നാലോചിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് തന്നെ ദക്ഷിണമോഹു കത്തെഴുതി. 2020 ആഗസ്ത് 20നായിരുന്നു സ്വന്തം കൈപ്പടയില്‍ മോഹു കത്തെഴുതിയത്.
കത്ത് കിട്ടിയ ഉടന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ടെലികോം സീനിയര്‍ ഡയറക്ടര്‍ ജനറല്‍ തന്നെ നേരിട്ട് ദക്ഷിണമോഹുവിന് കത്തയച്ചു. ഈ കത്ത് 2020 ഒക്ടോബര്‍ 14നാണ് മോഹുവിന് കിട്ടിയത്. ഉടനെ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പായിരുന്നു കത്തില്‍. അദ്ദേഹം റിലയന്‍സ് ജിയോ കമ്പനിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന അറിയിപ്പ് വന്നു. ജിയോ ആടുവള്ളിയില്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മെയ് മാസം ആദ്യവാരം മുതല്‍ ശക്തമായ നെറ്റ് വര്‍ക്ക് കവറേജ് കിട്ടാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം അറിഞ്ഞാസ്വദിക്കാന്‍ ദക്ഷിണയ്ക്കും ഗ്രാമത്തിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും സാധിച്ചു. ഇനി ഓണ്‍ലൈന്‍ പഠനത്തിന്റെ വരും നാളുകളില്‍ ശ്രദ്ധയോടെ എല്ലാ ക്ലാസുകളും കണ്ട് കൃത്യമായി പഠിപ്പ് മുന്നോട്ട് കൊണ്ടുപോകാനാണ് ദക്ഷിണയുടെ പ്ലാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: