ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരും ബിജെപിയും ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും ചിലരുടെ വ്യാജ പ്രചാരണങ്ങളില്‍ ദ്വീപ് നിവാസികള്‍ വീഴരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലക്ഷദ്വീപിലെ പാരമ്പര്യവും സംസ്ക്കാരവും നിലനിര്‍ത്തിക്കൊണ്ടുള്ള നടപടികള്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവൂയെന്നും അമിത് ഷാ ലക്ഷദ്വീപ് ബിജെപി നേതൃത്വത്തെ അറിയിച്ചു.
ലക്ഷദ്വീപിലെ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായി ദ്വീപിലെ ബിജെപി നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും സംഘം കൂടിക്കാഴ്ച നടത്തി.
ദ്വീപിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന യാതൊരു നടപടിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് അമിത് ഷാ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പരിഷ്ക്കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, പുതിയ നിയമ നിര്‍മ്മാണങ്ങളില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. അതിന് ശേഷം നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അനുമതി നല്കുമ്പോള് മാത്രമേ നിയമമാവൂ. ജനങ്ങളുടെ ഹിതം അറിഞ്ഞു കൊണ്ട് മാത്രമേ സര്‍ക്കാര്‍ മുന്നോട്ട് പോകൂ, അമിത് ഷാ പറഞ്ഞു.
കരട് വിജ്ഞാപനമാണ് ഇറക്കിയിരിക്കുന്നതെന്നും ജനങ്ങളുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ അന്തിമ വിജ്ഞാപനം ഉണ്ടാവൂയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്ന് അമിത് ഷായെ കണ്ട ശേഷം എ.പി. അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ അന്തിമ നടപടികള്‍ ഉണ്ടാവൂയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും ഉറപ്പു നല്‍കിയതായും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി ദേശീയ ഉപാധ്യക്ഷനും ലക്ഷദ്വീപ് പ്രഭാരിയുമായ എ.പി. അബ്ദുള്ളക്കുട്ടി, ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി, ഉപാധ്യക്ഷന്‍ അഡ്വ.കെ.പി. മുത്തുക്കോയ എന്നിവരാണ് ദല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കിടയിലെ ആശങ്കകളും പ്രയാസങ്ങളും ഇവര്‍ ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. തനിക്ക് ആശ്വാസത്തിന്റെ ദിവസമാണെന്ന് ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ അബ്ദുള്‍ ഖാദര്‍ ഹാജി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: