ലക്നൗ: കോവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഹിന്ദി പത്രപ്രവര്‍ത്തക ദിനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ ഓഫിസ് നല്കുന്ന വിവരമനുസരിച്ച്, യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ചത്തെ പരിപാടിയില്‍ ഇതു സംബന്ധിച്ച അറിയിപ്പുണ്ടായത്.
‘സമൂഹിക ബോധവത്കരണത്തിനും രാഷ്ട്രനിര്‍മാണത്തിനും മഹത്തായ സംഭാവനയാണ് സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ഇതുവരെ ഹിന്ദി മാധ്യമപ്രവര്‍ത്തനം നല്‍കിയത്. ഹിന്ദി പത്രപ്രവര്‍ത്തക ദിനത്തില്‍ എല്ലാ മധ്യമപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍’- ചടങ്ങില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്നും അവര്‍ക്കുള്ള പ്രോത്സാഹനം തുടരുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
‘അത്തരത്തില്‍ വെല്ലുവിളിയും പരീക്ഷണവും നേരിട്ട സമയത്ത്, നമുക്ക് കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ എത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അവരുടെ ജീവന് പണയപ്പെടുത്തി. അവര്‍ ആഴ്ചയില്‍ 24 മണിക്കൂറും ജോലി ചെയ്തുവെന്നത് പ്രശംസനീയമാണ്’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: