ന്യൂദൽഹി: കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരങ്ങൾ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ രേഖപ്പെടുത്താൻ കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശം. മാതാപിതാക്കള്‍ രണ്ടു പേരുമോ ഒരാളോ നഷ്ടപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്താനാണ് കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാന/കേന്ദ്ര ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
577 കുട്ടികള്‍ ഇത്തരത്തില്‍ അനാഥരായെന്ന് സര്‍ക്കാര്‍ ഈ ആഴ്ചയാദ്യം വ്യക്തമാക്കിയിരുന്നു. അനാഥരാക്കപ്പെട്ട കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും വിവരങ്ങള്‍ ശേഖരിക്കണമെന്നും സുപ്രീം കോടതി ഇന്നലെ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കുട്ടികള്‍ ചൂഷണത്തിനും മനുഷ്യക്കടത്തിനും ഇരയാക്കപ്പെടുന്നത് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണിത്.
കുട്ടികളെ ജുവനൈല്‍ ജസ്റ്റീസ് ആക്ടില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ശിശുക്ഷേമ സമിതിക്കു മുമ്പാകെ ഹാജരാക്കുകയും നിയമത്തില്‍ പറഞ്ഞിരിക്കുന്നവ നടപ്പാക്കുകയും വേണം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കമ്മീഷന് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: