ശ്ലോകം 341
ദൃശ്യസ്യാഗ്രഹണം കഥം നു
ഘടതേ ദേഹാത്മനാ തിഷ്ഠതോ
ബാഹ്യാര്ത്ഥാനുഭവ പ്രസക്തമനസ
സ്തത്തത് ക്രിയാം കുര്വ്വതഃ
സന്ന്യസ്താഖില ധര്‍മ്മ കര്മ്മവിഷയൈ
നിത്യാത്മനിഷ്ഠാപരൈഃ
സ്തത്ത്വജ്ഞൈഃ കരണീയമാത്മനി
സദാനന്ദേച്ഛുഭിര് യത്നതഃ
ദേഹമാണ് ആത്മാവെന്ന് കരുതി ബാഹ്യവിഷയാനുഭവങ്ങളില് വളരെ ആസക്തനായിരിക്കുന്നയാള്ക്ക് ദൃശ്യത്തിന്റെ അഗ്രഹണം കൊണ്ട് ജഗത് പ്രതീതി എങ്ങനെ ഇല്ലാതാക്കാന്‍ കഴിയും?
എല്ലാ കര്‍മ്മങ്ങളേയും വിഷയങ്ങളേയും വെടിഞ്ഞ യോഗികള്‍ പരമാത്മാവില്‍ നല്ല ഭക്തിയുള്ളവരായും പരമാനന്ദത്തെ പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്നവരായും ശ്രദ്ധയോടെ യത്നിച്ചാല്‍ മാത്രമേ ജഗത് പ്രതീതി ഇല്ലാതാവൂ. വിമുക്തി കിട്ടണമെങ്കില്‍ ജഗത് പ്രതീതി ഇല്ലാതാവണം. അതിനെന്തു വഴി? ചിലപ്പോള്‍ ജഗത് പ്രതീതി ഇല്ലാതാവും, ചിലപ്പോള്‍ മറിച്ചാകും. ദൈ്വത പ്രതീതി നീങ്ങാത്തതിനേയും ഏകത്വ ദര്‍ശനം കിട്ടാത്തതിനേയും ഇവിടെ വിചാരം ചെയ്യുന്നു.
ദേഹമാണ് ഞാന്‍ എന്ന മിഥ്യാധാരണയുള്ള കാലത്തോളം കാഴ്ചകളെ സ്വീകരിക്കാതിരിക്കാനാവില്ല. സ്വപ്നകാലത്ത് സ്വപ്നം കണ്ടല്ലേ തീരൂ. ദേഹമെന്ന മിഥ്യാധാരണ നിലനില്‍ക്കുന്നിടത്തോളം കാലം വിഷയങ്ങളെ അവഗണിക്കാനാവില്ല. ഞാന്‍ ദേഹമാണ് എന്ന ദേഹാത്മാഭാവം ഉള്ളയാള്‍ എല്ലാറ്റിലും കുടികൊള്ളുന്ന ഏകമായ പരമാത്മാവിനെ ദര്‍ശിക്കുന്നില്ല. ഇന്ദ്രിയ മനോബുദ്ധികളിലൂടെ നോക്കിയാല്‍ പരമാത്മാവിന്റെ ഏകത്വത്തെ അറിയാനാവില്ല.
ദേഹാത്മഭാവമുള്ളയാളുടെ മനസ്സ് എപ്പോഴും വിഷയങ്ങളിലായിരിക്കും. അയാള്‍ ഭോഗേച്ഛയോടെ കര്‍മ്മങ്ങള്‍ ചെയ്തു കൊണ്ടേയിരിക്കും. അറിഞ്ഞു കൊണ്ടു തന്നെ മിഥ്യാഭ്രമങ്ങളില്‍ കുടുങ്ങും. നാനാത്വ പ്രപഞ്ചവും വിഷയാനുഭവവും അയാളെ ഹരം കൊള്ളിക്കും. എന്നാല്‍ പരമപ്രേമത്തോടെ പരമാത്മാവിലേക്ക് തിരിഞ്ഞാല്‍ ക്രമത്തില്‍ കര്‍മ്മങ്ങളൊക്കെ തീര്‍ന്ന് ബ്രഹ്മാനുഭൂതിയെ നേടാം.വിഷയാസക്തി വിട്ട് പരമാത്മാവില്‍ ആസക്തിയെ വെയ്ക്കുകയാണ് അതിന് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: