പരവൂര്‍: പരവൂര്‍ പോലീസ് സ്റ്റേഷനില്‍ സിപിഎം അതിക്രമം. സിഐയ്ക്ക് നേരെ കയ്യേറ്റശ്രമം. ലോക്കല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി പ്രവര്‍ത്തകര്‍ സ്റ്റേഷന് വളഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: ഇന്നലെ രാവിലെ പതിവ് പരിശോധനയ്ക്കിടയില്‍ പാരിപ്പള്ളി-പരവൂര്‍ റോഡില്‍ ഒല്ലാല്‍ റെയില്‍വേ ഗെറ്റിന് സമീപം വച്ച് ബൈക്കില്‍ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ സത്യവാങ്മൂലം ഇല്ലാത്തതിന് പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ നേരെ കയര്‍ത്ത് സംസാരിച്ച പ്രവര്‍ത്തകനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിയും പ്രവര്‍ത്തകരും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു കൊണ്ട് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറി ഐഎസ്എച്ച്ഒയ്ക്ക് നേരെ തട്ടിക്കയറി. പിന്നീട് കേട്ടാലറയ്ക്കുന്ന അസഭ്യമായിരുന്നു.
സംയമനം പാലിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പ്രശ്നപരിഹാരം തേടുമ്പോള്‍ സിപിഎംന്റെ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്‍പതോളം പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന് വളയുകയും നേതാക്കന്മാര് സ്റ്റേഷനിലേക്ക് തള്ളിക്കയറുകയും ചെയ്തു. ഒടുവില്‍ ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ഉന്നത സിപിഎം നേതാക്കളുമായി ചര്‍ച്ച ചെയ്ത് പ്രശ്നപരിഹാരം കണ്ടെത്തി. സംഭവത്തില്‍ ചില നേതാക്കളുടെ പേരില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: