തിരുവനന്തപുരം: രാജ്യത്തെ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിനെ സംബന്ധിച്ച് നിരവധി മിഥ്യാധാരണകള്‍ പ്രചരിക്കുന്നുണ്ട്. നീതി ആയോഗ് അംഗവും (ആരോഗ്യം), കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പിനായുള്ള (National Expert Group on Vaccine Administration-NEGVAC) ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ ചെയര്‍മാനുമായ ഡോ.വിനോദ് പോള്‍ ഈ മിഥ്യാധാരണകളെ അഭിസംബോധന ചെയ്യുകയും വസ്തുതകള്‍ പങ്കു വയ്ക്കുകയും ചെയ്യുന്നു.
കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച സത്യവും മിഥ്യയും
മിഥ്യാധാരണ 1: വിദേശത്ത് നിന്ന് വാക്സിനുകള്‍ വാങ്ങാന്‍ കേന്ദ്രം വേണ്ടത്ര പരിശ്രമം നടത്തുന്നില്ല
വസ്തുത: 2020 പകുതി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പ്രമുഖ അന്താരാഷ്ട്ര വാക്സിന് നിര്‍മ്മാതാക്കളുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തി വരുന്നു. ഫൈസര്‍, ജോണ്സന് ആന്‍ഡ് ജോണ്സന്, മോഡേണ എന്നീ വാക്സിന് നിര്‍മ്മാതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടന്നു. അവരുടെ വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍, ആഗോളതലത്തില്‍ പരിമിതമായാണ് വാക്സിനുകള്‍ വിതരണത്തിനെത്തുന്നത്. കൂടാതെ കമ്പനികള്‍ക്ക് അവരുടേതായ മുന്‍ഗണനകളും വാക്സിന് വിഹിതം അനുവദിക്കുന്നതില്‍ പ്രതിബദ്ധതകളും പരിമിതികളും നിര്‍ബന്ധങ്ങളുമുണ്ട്. ഉത്പാദക രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. വാക്സിന് ലഭ്യതയെക്കുറിച്ച് ഫൈസര്‍ സൂചന നല്കിയ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് വാക്സിന് ഡോസുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഭാരത സര്‍ക്കാരിന്റെ ശ്രമഫലമായി, സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ വേഗത്തിലാക്കുകയും, സമയബന്ധിതമായ അംഗീകാരം നല്‍കുകയും ചെയ്തതോടെ രണ്ട് തവണ റഷ്യയില്‍ നിന്ന് വാക്സിനുകള്‍ ഇറക്കുമതി ചെയ്തു. രാജ്യത്തെ കമ്പനികള്‍ക്ക് സാങ്കേതിക കൈമാറ്റവും പൂര്‍ത്തിയാക്കിയതോടെ ഉടന്‍ തന്നെ സ്പുട്നിക് വാക്സിന് ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കും.
മിഥ്യാധാരണ 2: ആഗോളതലത്തില്‍ ലഭ്യമായ എല്ലാ വാക്സിനുകളും കേന്ദ്രം അംഗീകരിച്ചിട്ടില്ല
വസ്തുത: യുഎസ് എഫ്ഡിഎ, ഇഎംഎ, യുകെയുടെ എംഎച്ച്ആര്‍എ, ജപ്പാനിലെ പിഎംഡിഎ,എന്നിവയും ,ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിംഗില്‍ ഔദ്യോഗികമായി അംഗീകരിച്ചവാക്സിനുകള്‍ക്കും ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് ഏപ്രിലില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട് .ഈ വാക്സിനുകള്‍ കുത്തിവയ്പ്പിന് മുമ്പുള്ള ബ്രിഡ്ജിംഗ് പരീക്ഷണങ്ങള്‍ക്ക് വീണ്ടും വിധേയമാകേണ്ടതില്ല. മറ്റ് രാജ്യങ്ങളില്‍ ഉല്പാദിപ്പിക്കുന്ന അംഗീകൃത വാക്സിനുകള്‍ക്ക് ഇന്ത്യയിലെ പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി ബ്രിഡ്ജിംഗ് വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു. അംഗീകാരത്തിനായി വിദേശ വാക്സിന് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച അപേക്ഷകളെല്ലാം ഇതിനോടകം ഡ്രഗ്സ് കണ്ട്രോളര് തീര്‍പ്പാക്കിക്കഴിഞ്ഞു.
മിഥ്യാധാരണ 3: വാക്സിനുകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് കേന്ദ്രം വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നില്ല
വസ്തുത: 2020 ന്റെ തുടക്കം മുതല്‍ കൂടുതല്‍ കമ്പനികളെ വാക്സിന് നിര്‍മ്മാണത്തിന് പ്രാപ്തമാക്കുന്നതിനായി ഒരു സഹായിയുടെ ഫലപ്രദമായ പങ്ക് കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നു. വാക്സിന് നിര്‍മ്മാണത്തിന് ബൗദ്ധിക സ്വത്തവകാശം ഉള്ള ഒരു ഇന്ത്യന്‍ കമ്പനി (ഭാരത് ബയോടെക്) മാത്രമേയുള്ളൂ. ഭാരത് ബയോടെക്കിന്റെ സ്വന്തം പ്ലാന്റുകള്‍ 1 ല്‍ നിന്ന് 4 ആയി വര്‍ദ്ധിപ്പിച്ചതിനുപുറമെ മറ്റ് 3 കമ്പനികള്‍ / പ്ലാന്റുകള്‍ കൂടി കോവാക്സിന് ഉത്പാദനം ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കി. ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഉത്പാദനം പ്രതിമാസം 1 കോടിയില്‍ നിന്ന് ഒക്ടോബറോടെ പ്രതിമാസം 10 കോടിയായി ഉയരും. മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഡിസംബറോടെ 4 കോടി ഡോസ് വരെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കോവിഷീല്‍ഡ് ഉല്പാദനം പ്രതിമാസം 6.5 കോടി ഡോസില്‍ നിന്ന് 11 കോടി ഡോസായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തും.റഷ്യയും ഭാരത സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തത്തില്‍ ഡോ. റെഡ്ഡിസിന്റെ സഹകരണത്തോടെ 6 കമ്പനികള്‍ സ്പുട്നിക് വാക്സിന് നിര്‍മ്മിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് സുരക്ഷ പദ്ധതി പ്രകാരമുള്ള ഉദാരമായ ഫണ്ടിംഗ് വഴിയും ദേശീയ ലബോറട്ടറികളിലെ സാങ്കേതിക സഹായം ലഭ്യമാക്കിയും തദ്ദേശീയ വാക്സിനുകള്‍ നിര്‍മ്മിക്കാനുള്ള സൈഡസ് കാഡില, ബയോഇ, ജെനോവ എന്നിവയുടെ ശ്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. ഭാരത് ബയോടെക്കിന്റെ, മൂക്കിലൂടെ നല്കാവുന്ന ഒറ്റ ഡോസ് ഇന്‍ട്രനാസല്‍ വാക്സിന്റെ വികസന പ്രക്രിയ സര്‍ക്കാര്‍ സഹായത്തോടെ പുരോഗമിക്കുന്നു. 2021 അവസാനത്തോടെ രാജ്യത്തെ വാക്സിന് നിര്‍മ്മാതാക്കള്‍ 200 കോടിയിലധികം ഡോസുകള്‍ ഉത്പാദിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നത് സര്‍ക്കാരിന്റെ സ്ഥിരതയാര്‍ന്ന പിന്തുണയുടെയും പങ്കാളിത്തത്തിന്റെയും ഫലമായാണ്.
മിഥ്യാധാരണ 4: കേന്ദ്രം നിര്‍ബന്ധിത ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണം
വസ്തുത: നിര്‍ബന്ധിത ലൈസന്‍സിംഗ് വളരെ ആകര്‍ഷകമായ ഒരു ഉപാധിയല്ല. കാരണം ‘ഫോര്‍മുല അഥവാ രാസസൂത്രം’ മാത്രമല്ല മറിച്ച് സജീവമായ പങ്കാളിത്തം, മാനവ വിഭവശേഷി, പരിശീലനം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത,ഉന്നത നിലവാരമുള്ള ബയോ സേഫ്റ്റി ലാബുകള്‍ എന്നിവ കൂടിയാണ് വാക്സിന് നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്. സാങ്കേതിക കൈമാറ്റവും പ്രധാനമാണ്. സാങ്കേതിക ജ്ഞാനം ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കമ്പനികള്‍ക്ക് സ്വന്തമാണ്. നിര്‍ബന്ധിത ലൈസന്‍സിംഗിനെക്കാള്‍ ഒരു പടി കൂടി കടന്ന് ഭാരത് ബയോടെക്കും മറ്റ് 3 സ്ഥാപനങ്ങളുമായും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ നാം കോവാക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.സ്പുട്നിക്ക് വാക്സിന് നിര്‍മ്മാണത്തിനും സമാനമായ സംവിധാനം പിന്തുടരുന്നു.
മിഥ്യാധാരണ 5: കേന്ദ്രം ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് നല്കി കൈയൊഴിഞ്ഞു
വസ്തുത: വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് ധനസഹായം നല്‍കുന്നത് മുതല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വിദേശ വാക്സിനുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതിന് വേഗത്തില്‍ അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍വ്വഹിച്ചു പോരുന്നു. കേന്ദ്രം വാങ്ങുന്ന വാക്സിന് ഡോസുകള്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നു.സംസ്ഥാനങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനകള്‍ മാനിച്ച് സ്വന്തമായി വാക്സിനുകള്‍ വാങ്ങാന്‍ ശ്രമമാരംഭിക്കാന്‍ ഭാരത സര്‍ക്കാര്‍ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുകയായിരുന്നു
മിഥ്യാധാരണ 6: സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന് ഡോസുകള്‍ കേന്ദ്രം നല്‍കുന്നില്ല
വസ്തുത: നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സുതാര്യമായ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിനുകള്‍ കേന്ദ്രം അനുവദിക്കുന്നു. വാക്സിന് ലഭ്യതയെക്കുറിച്ച് സംസ്ഥാനങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നുണ്ട്. വാക്സിന് ലഭ്യത സമീപഭാവിയില്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ വിതരണം സാധ്യമാവുകയും ചെയ്യും.
മിഥ്യാധാരണ 7: കുട്ടികള്‍ക്ക് വാക്സിന് നല്കാന് കേന്ദ്രം നടപടി സ്വീകരിക്കുന്നില്ല
വസ്തുത: ഇതുവരെ, ഒരു ലോകരാജ്യവും കുട്ടികള്‍ക്ക് വാക്സിന് നല്‍കിയിട്ടില്ല. കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ നിലവിലില്ല. രാജ്യത്ത് കുട്ടികളിലെ പരീക്ഷണം ഉടന്‍ ആരംഭിക്കും. എന്നാല്‍, കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് പരീക്ഷണങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: