ബെംഗളൂരു: 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന ഫലം നല്‍കാത്ത 40 ലാബുകള്‍ക്ക് 20.19 ലക്ഷം രൂപ പിഴയിട്ട് കര്‍ണാടക സര്‍ക്കാര്‍. ഒന്‍പത് സര്‍ക്കാര്‍ ലാബുകള്‍ക്കും 31 സ്വകാര്യ ലാബുകള്‍ക്കുമാണ് പിഴ ചുമത്തിയത്.
പരിശോധനാ ഫലം വൈകിയ ഓരോ സാമ്പിളിനും 200 രൂപ വീതമായിരുന്നു പിഴ. സര്‍ക്കാര്‍ ലാബിലെ 3034 സാമ്പിളുകളുടെ ഫലമാണ് വൈകിയത്-പിഴ 6.06 ലക്ഷം രൂപ. സ്വകാര്യ ലാബുകളില്‍ 7069 സാമ്പിളുകളുടെ ഫലം വൈകി-പിഴ 14.13 ലക്ഷം രൂപ. പരിശോധന ഫലം വൈകിയ മറ്റു 41 ലാബുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ടാസ്ക് ഫോഴ്സ് സമിതിയുടേതാണ് തീരുമാനം.
ഇതോടൊപ്പം കൊവിഡ് പരിശോധന ഫലം ഐസിഎംആര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാത്ത അഞ്ച് ലാബുകള്‍ക്ക് പിഴ ചുമത്തിയ ശേഷം അടച്ചുപൂട്ടി. കൊവിഡ് പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാതിരുന്ന ലാബുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും വരുംദിവസങ്ങളിലും ഇതു തുടരുമെന്നും കൊവിഡ് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ വ്യക്തമാക്കി.
സംസ്ഥാന ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത് നാരായണനാണ് ടാസ്ക് ഫോഴ്സ് അധ്യക്ഷന്‍. ആരോഗ്യ വകുപ്പ് മന്ത്രി ഡോ.കെ. സുധാകര്‍, വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാര്‍, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് ടാസ്ക് ഫോഴ്സ് സമിതിയംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: