കൊല്‍ക്കത്ത : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചയോടെ തീരം തൊട്ടു. ഒഡീഷ തീരത്ത് ദമ്ര പോര്‍ട്ടിനും പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര – ബാലസോര്‍ സമീപത്തു കൂടി മണിക്കൂറില്‍ പരമാവധി 130 മുതല്‍ 140 കിലോമീറ്റര്‍ വേഗത്തിലാണ് കരയില്‍ പ്രവേശിച്ചിരിക്കുന്നത്. ഉച്ചയോടെ ചുഴലിക്കാറ്റ് പൂര്‍ണ്ണമായി കരയിലേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ മഴ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ശകത്മായ കാറ്റ് വീശുകയും ചെയ്യും തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിതീവ്ര ചുഴലിക്കാറ്റ് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറില്‍ 290 കിലോമീറ്റര്‍വരെ വേഗം കൈവരിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളില്‍. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാര്‍, ഝാര്‍ഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗ നാസ് ജില്ലയില്‍ വന്‍ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. രണ്ട് പേര് മിന്നലേറ്റ് മരിച്ചു. ഇന്ന് രാവിലെ എട്ടര മുതല്‍ രാത്രി 7.45 വരെ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാന്‍ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് നാവിക സേന അറിയിച്ചു. ഒഡിഷ, ബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് പതിനൊന്നുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്ചിമബംഗാള്‍ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളില്‍ അതിജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്മോഹന് റെഡ്ഡി കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു. യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലും ഈ ദിവസങ്ങളില്‍ ശക്തിയായ മഴ ആയിരിക്കും അനുഭവപ്പെടുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: