തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരില്‍ കേരളത്തിലടക്കം നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഒരേ ഭാഗത്ത് നിന്ന് വാര്‍ത്തയുണ്ടാക്കി രാജ്യത്തിനെതിരേ പ്രയോഗിക്കുകയാണ്. ആസൂത്രിതമായ പ്രചാരണമാണ് കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ചില ജിഹാദി സംഘടനകളും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ലാഭം കൊയ്യാനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുളള സുരക്ഷാ പ്രശ്നങ്ങളുടെ പേരിലാണ് ലക്ഷദ്വീപിന്റെ സുരക്ഷയ്ക്കായി ചില നടപടിക്രമങ്ങള്‍ അഡ്മിനിസ്ട്രേറ്റര്‍ എടുത്തത്. മാര്‍ച്ച് നാലിന് മിനിക്കോയ് വഴി പോകുകയായിരുന്ന രവിഹാന്‍സി എന്ന ബോട്ടില്‍ നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇത് മലയാള മാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ചില വിദേശ കപ്പലുകള്‍ ദുരൂഹസാഹചര്യത്തില്‍ നിരവധി തവണ ദ്വീപിലേക്ക് വരുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെ ചിലരുടെ ഒത്താശയോടെയാണ് ഈ നീക്കങ്ങളെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതായി സുരേന്ദ്രന് പറഞ്ഞു. മയക്കുമരുന്ന് ഇത്രയും പിടിച്ചതു കൊണ്ടാണോയെന്ന് അറിയില്ല, മയക്കുമരുന്നുമായി ബന്ധമുളള ചില ലോബികള്‍ വലിയ ആവേശത്തോടെയാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. അനാര്‍ക്കലി ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷനും അവിടുത്തെ പ്രാദേശിക ഇമാമും സിനിമ അനിസ്ലാമികമാണെന്ന് പറഞ്ഞ് പരാതി നല്കിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലക്ഷദ്വീപിനെ കശ്മീരാക്കുന്നുവെന്നുളള കെസി വേണുഗോപാലിന്റെ ആരോപണത്തില്‍ ഒരു പ്രശ്നവുമില്ല. കശ്മീരാക്കിയാലും ഒരു കുഴപ്പവുമില്ലെന്നും കശ്മീരില്‍ ഇപ്പോള്‍ സമാധാനവും സന്തോഷവുമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതിയിലാണ്. ക്രിസ്മസ് ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ പോലും അവിടെ നടക്കുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
ബേപ്പൂര്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യ വികസനമേര്‍പ്പെടുത്തണമെന്ന് ലക്ഷദ്വീപ് ട്രാന്‍സ്പോര്‍ട്ട് കമ്മറ്റി പത്ത് വര്‍ഷമായി ആവശ്യപ്പെടുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടും കഴിഞ്ഞ പിണറായി സര്‍ക്കാരിനോടും അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. അത് ലക്ഷദ്വീപ് ജനതയുടെ ആവശ്യമാണ്, അവരുടെ അഡ്മിനിസ്ട്രേഷന് പൂര്‍ണമായി എടുത്ത തീരുമാനമാണ്. ഇതുവരെ കേരളം നടപടി സ്വീകരിച്ചില്ല. ലക്ഷദ്വീപ് തന്നെ പണം മുടക്കി ചെയ്യാന്‍ തയ്യാറാണെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിതന്നാല്‍ മതിയെന്നും വരെ അവര്‍ പറഞ്ഞതായി സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
2019 മെയില്‍ ഐഎസ്ഐഎസ് തീവ്രവാദികളുമായി ബോട്ട് ശ്രീലങ്കയില്‍ നിന്ന് ദ്വീപിലേക്ക് വരുന്നത് എല്ലാ മാധ്യമങ്ങളം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ഈ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നില്ല. ഒരു മുസ്ലീം സമുദായത്തിലുളള അഡ്മിനിസ്ട്രേറ്ററാണ് നടപടി സ്വീകരിച്ചത്. കേരള തീരത്തും ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പിണറായി സര്‍ക്കാരും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ പളളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സ്ഫോടനം നടത്തിയ അതേ ഭീകരര്‍ കേരളം ഉള്‍പ്പെടെ സന്ദര്‍ശിച്ചത് ശ്രീലങ്കന്‍ സൈനിക മേധാവി വെളിപ്പെടുത്തിയതാണ്.
ദ്വീപില്‍ കൊറോണ കൂടാന്‍ കാരണം അഡ്മിനിസ്ട്രേറ്ററുടെ നയമാണെന്നാണ് പ്രചാരണം. എന്നാല്‍ ഇതല്ലെന്ന് കളക്ടര്‍ തന്നെ പറഞ്ഞത് എല്ലാ മാദ്ധ്യമങ്ങളിലും വന്നിട്ടുണ്ട്. ജനങ്ങളുടെ സഞ്ചാരവും ഇക്കണോമിക് ആക്ടിവിറ്റിയുമാണ് ഇതിന് കാരണമെന്നാണ് കളക്ടര്‍ പറഞ്ഞത്.
ബീഫ് നിരോധിച്ചുവെന്നാണ് മറ്റൊരു പ്രചാരണം. ഇതും പച്ചക്കള്ളമാണെന്ന് സുരേന്ദ്രന് പറഞ്ഞു. കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നാണ് പശുവിറച്ചി നിരോധിച്ചിരിക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണത്തില്‍ മാസം വിളമ്പുന്നില്ല. അതു തന്നെയാണ് ഇവിടെയും നടന്നത്. അത് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: