കൊല്ലം: കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടം. മൂന്ന് വിദ്യാർഥികളെ ആരോഗ്യസർവകലാശാല ഡീ ബാർ ചെയ്തു. കോളേജിൽ പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരേയും നടപടി സ്വീകരിച്ചു.
മൂന്ന് വിദ്യാർഥികൾക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. 2021 ജനുവരിയിൽ നടന്ന മൂന്നാംവർഷ എം.ബി.ബി.എസ്. പാർട്ട് ഒന്ന് പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. 2012-ൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ മൂന്ന് വിദ്യാർഥികൾക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു. ഈ വിദ്യാർഥികൾ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒമ്പത് വർഷമായിട്ടും ഇവർക്ക് എംബിബിഎസ്. പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആൾമാറാട്ടം നടത്തിയത്.
പരീക്ഷാഡ്യൂട്ടിയിലുള്ളവരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് സൂചന. ക്രമക്കേട് കണ്ടെത്തിയതോടെ ആരോഗ്യസർവകലാശാല വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. അസീസിയ മെഡിക്കൽ കോളേജിലെ പരീക്ഷാകേന്ദ്രം ആരോഗ്യസർവകലാശാല റദ്ദാക്കുകയും ചെയ്തു. അതേസമയം, പരീക്ഷാകേന്ദ്രം റദ്ദാക്കിയതോടെ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ആശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: