ഇരിട്ടി: കോവിഡ് വ്യാപനവും ലോക്ക് ഡൗണും അതുമായി ബന്ധപ്പെട്ട നിയത്രണങ്ങളും നില നില്ക്കുന്നതിനിടയില് കടന്നു വന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തജന സഞ്ചയം എത്തില്ലെങ്കിലും ചടങ്ങുകളെല്ലാം മുറപോലെ നടക്കും. മുടക്കമില്ലാതെ നടക്കുന്ന മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കാനുള്ള ഓലക്കുട നിര്‍മ്മാണം പൂര്‍ത്തിയായി. മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ് മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.
വര്‍ഷങ്ങളായി കൊട്ടിയൂരിലേക്ക് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് മുഴക്കുന്ന് തളിപ്പൊയിലെ കരിയില്‍ ലക്ഷ്മിഅമ്മയും മകന് ബാബുവും ആയിരുന്നു. 17 വര്‍ഷത്തോളമാണ് ലക്ഷ്മി അമ്മ വൈശാഖ മഹോത്സവത്തിനായി ഓലക്കുടകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ മൂന്നു വര്‍ഷത്തോളമായി കാക്കയങ്ങട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ് മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.
14 ഓലക്കുടകളും 16 കാല്‍ക്കുടകളുമാണ് നിര്‍മ്മിച്ചത്. നീരെഴുന്നെള്ളത്ത് നാള്‍മുതല്‍ക്കാണ് കുട നിര്‍മ്മാണം ആരംഭിച്ചത്. കുട നിര്‍മാണത്തിനാവശ്യമായ ഓടയും പനയോലയും ദൂര സ്ഥലങ്ങളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. ഒരു കുട നിര്‍മ്മിക്കുന്നതിന് രണ്ടു ദിവസത്തെ പരിശ്രമം ആവശ്യമാണെന്നും നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കാത്തത് കുട നിര്‍മ്മാണത്തിന് പ്രായാസം സൃഷ്ടിക്കുന്നതായും പത്മനാഭന് പറഞ്ഞു. തങ്ങളുടെ പരിശ്രമത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
തയ്യാറായ കുടകള്‍ ഭണ്ഡാരമെഴുന്നെള്ളത്തിന്റെ തലേന്നാള്‍ മണത്തണയില്‍ എത്തിക്കും. ഊരാളന്മാര്‍ക്കും അടിയന്തരക്കാര്‍ക്കും ഉപയോഗിക്കുന്നതിനാണ് കുടകള്‍. ഇതില്‍ അക്കരെ സന്നിധാനത്ത് അമ്മാറക്കല്ലിലും കൊട്ടേരി കാവിലെ മുത്തപ്പന് സ്ഥാനത്തേക്കുമുള്ള രണ്ടു വലിയ കുടകള്‍ മണത്തണയില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഈ കുടകളുടെ നിര്‍മ്മാണവും പൂര്‍ത്തിക്കഴിഞ്ഞു. ഈ വലിയ കുടകള്‍ ചുമലിലേറ്റി കാല്‍നടയാണ് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നത്.
അതേസമയം അക്കരെ സന്നിധിയില്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പരമപ്രധാന ചടങ്ങായ നെയ്യാട്ടം ഇന്ന് രാത്രിയോടെ നടക്കും. മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് വീതധാരികള്‍ക്കൊപ്പം സംഘമായി എത്തിയിരുന്ന നെയ്യമൃത് സംഘങ്ങള്‍ കോവിടിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി എത്തില്ല. ചപ്പാരം ക്ഷേത്രസങ്കേതത്തില്‍ എത്തിച്ചേര്‍ന്ന വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെയും തമ്മെങ്ങാടന്‍ മൂത്ത നമ്പ്യാരുടേയും കലശ പാത്രങ്ങള്‍ ഒരുമിച്ചാണ് കൊട്ടിയൂരിലേക്കു എഴുന്നള്ളിക്കുക. രാത്രി നടക്കുന്ന നെയ്യാട്ട സമയത്ത് രണ്ട് കലശ പത്രങ്ങളിലേയും നെയ്യും തൃക്കപാലം മഠത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ് കിണ്ടിയില്‍ നിന്നുമുള്ള നെയ്യും സ്വയംഭൂവില്‍ അഭിഷേകം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: