സുവര്‍ണ പ്രസാദ്
സാഹിത്യരംഗത്തെ സിപിഎം ആധിപത്യം പോലെ കേരളത്തിലെ മാദ്ധ്യമരംഗത്തും ഇടതു ആധിപത്യമാണ് നിലനില്‍ക്കുന്നത്. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ മാത്രം മതിയെന്നൊരു അലിഖിതമായ ഫത്വ പോലും നിലവിലുണ്ടെന്നാണ് അനുഭവങ്ങള്‍. കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തന ചരിത്രത്തില്‍ കഴിഞ്ഞപതിറ്റാണ്ടുകളിലാണ് ഈ സമഗ്രാധിപത്യം അനുഭവപ്പെട്ടു തുടങ്ങിയത്. മാദ്ധ്യമങ്ങള്ക്കുണ്ടായിരുന്ന വിശ്വാസ്യതയും നിഷ്പക്ഷതയും ഇല്ലാതാകുക മാത്രമല്ല മാദ്ധ്യമപ്രവര്‍ത്തനം കക്ഷിരാഷ്ട്രീയതാല്പ്പര്യങ്ങള്ക്ക് കീഴടങ്ങുകയും ചെയ്തു. സിപിഎമ്മിന്റെ ആസൂത്രിതമായ അജണ്ടകളാണ് ഇതിന് പിന്നിലുള്ളതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാക്കാനാകും.
ഇടതുപക്ഷവിരുദ്ധര്‍ക്ക് മാദ്ധ്യമ രംഗത്ത് പിടിച്ചുനില്‍ക്കുക എന്നത് ഏറെ പ്രയാസകരമായി. എന്നാല്‍ ഇന്നത് കമ്മ്യൂണിസത്തില്‍ നിന്ന് പരിണമിച്ച് പിണറായിസം എന്ന തലത്തിലേക്ക് എത്തിഎന്നുള്ളതാണ് മാദ്ധ്യമരംഗത്തെ പുതിയ സാഹചര്യം. പരമ്പരാഗത ഇടതുപക്ഷ നിരീക്ഷകരായ ജോസഫ് സി. മാത്യു, പിയേഴ്സണ്‍, കെ.എം. ഷാജഹാന് എന്നിവരെപോലും സാമൂഹ്യ അകലം പാലിച്ച് മാറ്റിനിര്‍ത്താനുള്ള പ്രവണതയാണ് ഇന്നുള്ളത്. പിണറായി വിജയന്റെ വായ്ത്താരി പാടുന്നവര്‍ക്ക് മാത്രം പരിഗണന ലഭിക്കുന്നതും ഇതിന്റെ ഭാഗമാണ്.
പിണറായി വിജയനെ എതിര്‍ക്കുന്നവര്‍ക്ക് മീഡിയയില്‍ വിസിബിലിറ്റി കൊടുക്കരുതെന്നാണ് പുതിയ സമീപനം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീജിത്ത് പണിക്കര്‍ക്കു നേരെ ഉണ്ടായ ആക്രമണം. ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ മറപിടിച്ച്, അതിന്റെ ഉള്ളടക്കത്തെ വളച്ചൊടിച്ചാണ് ശ്രീജിത്ത്പണിക്കരെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉയര്‍ന്നത്. കൊവിഡ് പ്രതിരോധരംഗത്തെ പരാജയത്തിന് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച കുറ്റത്തിന് ഇനി ശ്രീജിത്തിനെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഇടത് ബുദ്ധിജീവികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞപാരമ്പര്യമുള്ള ചിലര്‍ ശ്രീജിത്ത് പണിക്കരെ പങ്കെടുപ്പിക്കില്ലെന്ന് വരെ പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറായി. ഒരു പ്രമുഖ ചാനലിന്റെ തലവനാണ് അതിന് തയ്യാറായത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മാറിവരുന്ന മാദ്ധ്യമ സമീപനത്തിന്റെ നേര്‍ക്കാഴ്ചയാണ്. വ്യാജ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച എഴുത്തുകാരന് സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയതിനെതിരെ ഘോരഘോരം പ്രതികരിച്ചവരാണ് ശ്രീജിത്ത്പണിക്കരെ വിലക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുന്നത്. ഫേസ്ബുക്ക് ചട്ടങ്ങള്‍ ലംഘിച്ച നിരവധി പേര്‍ക്ക് വിലക്കിന്റെ അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ സച്ചിദാനന്ദന് അത് ബാധകമാകില്ലെന്ന് പ്രഖ്യാപിക്കുന്നവരാണ് ശ്രീജിത്ത്പണിക്കരെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും, സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കേരളവിരുദ്ധതയും സാമൂഹ്യവിരുദ്ധതയുമാണെന്ന പുതിയ നിര്‍വ്വചനമാണ് ഇക്കൂട്ടര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരു വിഭാഗം സാംസ്കാരിക നായകന്മാരും ഈ വായ്ത്താരി ഏറ്റുപാടുന്നു.
കേരളത്തിലെ ഭൂരിഭാഗം മാദ്ധ്യമപ്രവര്‍ത്തകരും തങ്ങളുടെ അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുമ്പോഴും ഒറ്റപ്പെട്ട വിമര്‍ശനങ്ങളെ പോലും സിപിഎമ്മിന് സഹിക്കാനാകുന്നില്ല. അതിന് നേരെ അസഹിഷ്ണുതയും വിദ്വേഷവും പ്രകടിപ്പിക്കാന്‍ സിപിഎമ്മിന് ഒരു മടിയുമില്ല. അടുത്തകാലത്ത് നിയമന നിരോധന വിഷയത്തില്‍ ചര്‍ച്ച പാടില്ലെന്ന സിപിഎമ്മിന്റെ ആവശ്യം നിരാകരിച്ചതിന് അവര്‍ എഷ്യാനെറ്റിനെ ബഹിഷ്കരിച്ചു. എഷ്യാനെറ്റിന്റെ വാര്‍ത്താവിഭാഗം തലവന്മാര് എകെജി സെന്ററില്‍ പോയി കാല് പിടിച്ചതിന് ശേഷമാണ് വീണ്ടും സിപിഎം ചാനലുമായി സഹകരിച്ചതെന്നാണ് സിപിഎം നേതാക്കള്‍ പരസ്യമായി വ്യക്തമാക്കിയത്. അതിന് ശേഷം ഏഷ്യാനെറ്റ് എന്തൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നു, എന്തൊക്കെ കൊടുക്കാതിരിക്കുന്നു എന്നത് മലയാളികള്‍ക്കെല്ലാം അറിയാവുന്നതുമാണ്.
ബംഗാള്‍ കലാപത്തിന്റെ വാര്‍ത്തകള്‍ കൊടുക്കാത്തതിനെ കുറിച്ച് ടെലിഫോണില്‍ അന്വേഷിച്ച പ്രേക്ഷകയോട് ഏഷ്യാനെറ്റ് പ്രതികരിച്ചതിനെ കുറിച്ച് കേരളം ചര്‍ച്ച ചെയ്തതാണ്. ബംഗാളിലെ കലാപത്തില്‍ കൊലചെയ്യപ്പെട്ടവരെയും മാനഭംഗത്തിനിരയായ അമ്മമാരെയും വീട് നഷ്ടപ്പെട്ട കൊച്ചുകുട്ടികളേയും എത്ര മനുഷ്യത്വരഹിതമായാണ് ഏഷ്യാനെറ്റ് അപമാനിച്ചത്. ബംഗാള്‍ ഇന്ത്യയിലല്ലെന്ന രാജ്യവിരുദ്ധ പരാമര്‍ശം നടത്താന്‍ പോലും അവര്‍ തയ്യാറായി. സംഘപരിവാറുകാര്‍ ആക്രമിക്കപെടേണ്ടവരാണെന്ന ചിന്താഗതി സിപിഎം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയാണ്. ഇതിനെ ഏറ്റുപിടിക്കുന്നവരാണ് മാധ്യമസ്ഥാപനങ്ങളിലെ മര്മ്മസ്ഥാനങ്ങളില് ഉള്ളത്. ദല്‍ഹിയില്‍ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് രണ്ട് പേര് അതിക്രമിച്ച് കടന്ന സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് പറയണമെന്ന കൃത്യമായ സന്ദേശം നല്‍കിയത് മാതൃഭൂമിയിലെ മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു. കേരളത്തില്‍ അങ്ങിങ്ങോളം സംഘപരിവാര്‍ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അക്രമത്തിന് പിന്നില്‍ വാട്ട്സ് ആപ്പിലൂടെ നടന്ന ആ രഹസ്യ എഡിറ്റിങ്ങായിരുന്നു. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് സംഘര്‍ഷങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്ന മാദ്ധ്യമപ്രവര്‍ത്തനം സിപിഎമ്മിന്റെ മാധ്യമ ഫ്രാക്ഷനുകള് ഏറ്റെടുക്കുന്നു.
ജയശങ്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ തലശ്ശേരി എംഎല്‍എ ഷംസീര്‍, ശ്രീജിത്ത് പണിക്കരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കില്ലെന്ന് പറഞ്ഞ സജീഷ്, ജോസഫ് സി. മാത്യുവുള്ള പാനലില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ മറ്റ് സിപിഎം നേതാക്കള്‍. ഇവരെല്ലാം ഊറ്റം കൊള്ളുന്നത് കമ്മ്യൂണിസത്തിന്റെ പേരിലാണ്. തികഞ്ഞ ജനാധിപത്യവിരുദ്ധമനോഭാവമാണ് കമ്മ്യൂണിസമെന്ന് ഇവര്‍ അടിവരയിടുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ സംഗീതം പോലെ മധുരമാണെന്ന് പറയുകയും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സംഘടനാബലവും അധികാരബലവും ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ ഉടനീളം കാണാം. വ്യക്തികളെ ബഹിഷ്കരിച്ച് അതിന്റെ രുചിയറിഞ്ഞവര്‍ പിന്നീട് ബിജെപിക്ക് ഇടം നല്‍കുന്നത് തെറ്റാണെന്ന ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു. കേരളത്തില്‍ 13 ശതമാനം വോട്ട് മാത്രമുള്ള ബിജെപിക്ക് വിസിബിലിറ്റി കൊടുക്കരുതെന്ന് പറയുന്നത് ഹരീഷ് വാസുദേവനെ പോലെയുള്ള ഇടത് ബുദ്ധിജീവികള്‍ മാത്രമല്ല രാജീവ് ദേവരാജിനെ പോലെയുള്ള മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരുമാണ്. പിണറായിയുടെ രണ്ടാം വരവിന്റെ പ്രത്യേകതയാണിത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ദര്ശനസംവാദത്തിന്റെ വേദിയില്‍ മുമ്പ് മുഴങ്ങിക്കേട്ടതും ഇതേ വാദമായിരുന്നു. സംവാദത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനോട് കമ്മ്യൂണിസ്റ്റ് ആചാര്യന്മാര് പറഞ്ഞ വിതണ്ഡ വാദം. ‘സംവാദത്തില്‍ ജയിച്ചു എന്ന് കരുതേണ്ട, പാര്‍ലിമെന്റില്‍ ഈ വാദം ഉന്നയിക്കുന്നവര്‍ക്ക് എത്രയംഗങ്ങളുണ്ട്’ എന്നായിരുന്നു ദര്‍ശനസംവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാര് പറഞ്ഞ മറുപടി. ദേശീയ രാഷ്ട്രീയത്തിലും ഇപ്പോള്‍ ആഗോള രാഷ്ട്രീയത്തിലും എവിടെയുമില്ലാത്ത ഇടതുപക്ഷമാണ് ഇപ്പോള്‍ വോട്ടിന്റെ ബലത്തില്‍ ചര്‍ച്ചയാകാമെന്ന് പറയുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് അഴിച്ചുവിട്ടത്. ചില മാദ്ധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്കി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നുമായിരുന്നു വിമര്‍ശനം. തനിക്ക് വഴങ്ങാത്ത മാദ്ധ്യമങ്ങള്‍ ഉടന്‍ കീഴടങ്ങിക്കൊള്ളുക, ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകും എന്ന മുന്നറിയിപ്പായിരുന്നു അത്. കേരളത്തില്‍ വാക്സിന് ഇറക്കുന്നതിന് ഇടത് അനുകൂല തൊഴിലാളി സംഘടനകള്‍ നോക്കുകൂലി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത നല്കിയ ഒരു ദേശീയ മാദ്ധ്യമത്തെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതും ഇതിന്റെ തുടര്‍ച്ചയാണ്. പുന്നപ്രയില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ സിപിഎമ്മിന്റെ പിആര്‍ പ്രചാരകരായി മാറുകയായിരുന്നു മലയാള മാദ്ധ്യമങ്ങള്‍. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ നടന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയമായി പ്രചരിപ്പിച്ചവര്‍ക്ക് പുന്നപ്രയിലെ വാര്‍ത്ത ഡിവൈഎഫ്ഐയുടെ സേവനമഹത്വമായി. ആംബുലന്‍സ് സംവിധാനം ഒരുക്കാത്ത സര്‍ക്കാരിന്റെ പരാജയം ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മികവാക്കി മാറ്റി മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഒരു സത്പ്രവര്‍ത്തി ആരെങ്കിലും ചെയ്താല്‍ അത് ആ വ്യക്തിയുടെ മഹത്വമായിട്ടല്ലേ സാധാരണ വാര്‍ത്തകളില്‍ വരാറുള്ളത്? എന്നാല്‍ ഇവിടെ ആ വ്യക്തികളുടെ രാഷ്ട്രീയമാണ് മാദ്ധ്യമങ്ങള്‍ പരിശോധിക്കുന്നത്. സേവാഭാരതി ചെയ്യുന്ന സേവനങ്ങളെ സന്നദ്ധ സംഘടനകള്‍ ചെയ്യുന്നത് എന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നവരാണിവരെന്ന് മനസിലാക്കണം. വരികള്‍ക്കിടയില്‍ ആശയം കടത്തിവിടുന്ന കാലം കഴിഞ്ഞു. ഇനി മുതല്‍ പരസ്യമായ പിആര്‍ പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുകയെന്നതിന്റെ ഉദാഹരണമാണ് ഏഷ്യാനെറ്റിലെ ഫോണ്‍വിളിയും പുന്നപ്ര സംഭവവും.
മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയമാകാം. നിഷ്പക്ഷമെന്നും നേരോടെയെന്നും അവകാശപ്പെടുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂലിയെഴുത്തുകാരാകരുത്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് ബഹുഭൂരിപക്ഷം മാദ്ധ്യമങ്ങളും മുട്ടിലിഴഞ്ഞപ്പോഴും ചെറുത്ത് നിന്ന ഒരു ന്യൂനപക്ഷം ഇവിടെ ഉണ്ടായിരുന്നു. ആ ചെറുത്തു നില്‍പ്പിന്റെ കരുത്തിലാണ് ജനാധിപത്യം പുന:
സ്ഥാപിക്കപ്പെട്ടത്. അവരുടെ പങ്ക് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെതാണ് ചരിത്രം. അവരാണ് ചരിത്രം സൃഷ്ടിച്ചതും. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഫത്വകള്ക്കെതിരെ പോരാടാനുള്ള ആര്‍ജവം ആ പാരമ്പര്യത്തിന്റെ ഭാഗമായുണ്ട്. അവരിലാണ് കേരളത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: