അഞ്ചല്‍: ജില്ലയിലെ കിഴക്കന്‍ അതിര്‍ത്തി തൊട്ടുകിടക്കുന്ന ചടയമംഗലം ഒട്ടേറെ കാലമായി വികസന പുറമ്പോക്കെന്ന അപഖ്യാതി കേട്ട മണ്ഡലമാണ്. മന്ത്രിമാരൊക്കെ മുന്‍പും ഉണ്ടായിരുന്നെങ്കിലും വ്യാജ പ്രൗഡിയില്‍ കഴിയാനായിരുന്നു മണ്ഡലത്തിന്റെ വിധി.
ഒട്ടേറെ പ്രതീക്ഷകളുമായി ഒരു വനിതാ മന്ത്രിയെത്തുമ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വികസന സ്വപ്നങ്ങള്‍ മുളയ്ക്കുമെന്ന പ്രതീക്ഷയില്‍ ഈ നാട്. സിപിഐയിലെ പ്രമുഖര്‍ മന്ത്രിസ്ഥാനം അലങ്കരിച്ച ചടയമംഗലത്തിന്റെ പ്രതിനിധിയായാണ് ഇന്ന് ജെ. ചിഞ്ചുറാണിയും മന്ത്രിയാകുന്നത്. ഏറ്റവും ഒടുവില്‍ മുല്ലക്കര രത്നാകരന് മന്ത്രിയായിരുന്നു. എംഎന്‍ ഗോവിന്ദന് നായരും ഇ. ചന്ദ്രശേഖരന് നായരും ചടയമംഗലത്ത് നിന്ന് വിജയിച്ച് മന്ത്രിമാരായവരാണ്. കൃഷി മന്ത്രി തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും പൂവിടാതെ കോട്ടുക്കല്‍ കൃഷിഫാമിന്റെ ഭാവി പുതിയ മന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നു. മികച്ച കാര്‍ഷിക ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാവുന്ന കൃഷിഫാം രാഷ്ട്രീയക്കളിയില്‍ തളിരിടാതെ വാടുകയാണ്.
കേന്ദ്ര വനിതാ സ്പോര്‍ട്സ് അക്കാദമിക്കായി കൃഷിഫാമിന്റെ ഏക്കറുകണക്കിന് ഭൂമിയാണ് സര്‍ക്കാരിന് കൈമാറിയത്. ദക്ഷിണേന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കേന്ദ്ര വനിതാ സ്പോര്‍ട്സ് അക്കാദമിയുടെ ഏറ്റെടുത്ത സ്ഥലം കാടുകയറി നശിക്കുകയാണ്. പഴയ സ്പോര്‍ട്സ് താരമായ വനിതാ മന്ത്രിയുടെ വരവില്‍ പ്രതീക്ഷയിലാണ് കായിക പ്രേമികള്‍. ചടയമംഗലം മണ്ഡലത്തിലുടനീളം അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഇതുവരെ സാധിച്ചിട്ടില്ല. സമഗ്രമായ കുടിവെള്ള പദ്ധതിയിലൂടെ മാത്രമേ ഇതിനു കഴിയൂ. എംസി റോഡ് കീറിമുറിക്കുന്ന ചടയമംഗലം മണ്ഡലത്തിലെ യാത്രാക്ലേശം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഉള്‍ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ടിരിക്കുന്നു. കൊട്ടാരക്കര താലൂക്കിന്റെ ഭാഗമായാണ് ഇപ്പോഴും ചിതറ, മടത്തറ ഭാഗങ്ങള്‍ പോലും.
കൊട്ടാരക്കര താലൂക്കിനെ വിഭജിച്ച് ചടയമംഗലം കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുതിയ മന്ത്രിക്ക് മുന്നിലും ഈ വെല്ലുവിളി ഉയരും. ടൂറിസം രംഗത്ത് ഏറെ പ്രതീക്ഷകള്‍ പുലര്‍ത്തുന്ന മണ്ഡലത്തിലെ ജടായുപ്പാറ, കുടുക്കത്തുപാറ, ഗുഹാക്ഷേത്രം പദ്ധതികളും കടലാസിലാണ്. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയാണ് മണ്ഡലത്തിലെ ഏക ആശ്രയം.മികച്ച സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്ലാത്ത ഇവിടെ ആരോഗ്യ മേഖല വന്‍പരാജയമാണ്. സാധാരണക്കാര്‍ ഏറെയുള്ള മണ്ഡലത്തിലെ മികച്ച സൗകര്യങ്ങളുള്ള താലൂക്ക് ആശുപത്രിയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പുതിയ സ്വപ്നങ്ങള്‍ കാണുകയാണ്. ചടയമംഗലത്ത് ആരംഭിക്കുമെന്ന് കേട്ടിരുന്ന കേന്ദ്രീയ വിദ്യാലയവും ഫയലിലുറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: