ന്യൂദല്‍ഹി: രാജ്യത്തെയും പ്രധാനമന്ത്രിയെയും അന്താരാഷ്ട്ര തലത്തില്‍ അപമാനിക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം നടത്താനായി തയ്യാറാക്കിയ ടൂള്‍ കിറ്റ് പുറത്തായതോടെ കോണ്‍ഗ്രസ് ഏറെ നാണക്കേടില്‍. എഐസിസി ഗവേഷണ വിഭാഗം അംഗമായ സൗമ്യ വര്‍മ്മയാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയതെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസിന്റെ പ്രതിരോധമെല്ലാം തകര്‍ന്നു. സൗമ്യ വര്‍മ്മയുടെ രാഹുല്‍ഗാന്ധി അടക്കമുള്ള ഉന്നതരുമായുള്ള അടുത്ത ബന്ധവും എഐസിസി ആസ്ഥാനത്തെ അവരുടെ ഓഫീസും നിഷേധിക്കാനാവാത്ത തെളിവുകളായി പുറത്തുവന്നുകഴിഞ്ഞു.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ കമ്മറ്റി ചെയര്‍മാനായ രാജീവ് ഗൗഡ എംപിയുടെ സെക്രട്ടറിയാണ് സൗമ്യ വര്‍മ്മ. മാനിഫെസ്റ്റോ തയ്യാറാക്കാനായി രൂപീകരിച്ച, രാഹുല്‍ ഗാന്ധിയും രാജീവ് ഗൗഡയും അടക്കമുള്ള 19 പേരുടെ സമിതിയില്‍ സൗമ്യയുമുണ്ട്. ജെഎന്‍യുവില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സൗമ്യ 2017 മുതലാണ് എഐസിസി ആസ്ഥാനത്ത് വിവിധ ദൗത്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത്. മലയാളികളായ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള സൗമ്യ കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവാദ ടൂള്‍കിറ്റുമായി കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും ബിജെപി വ്യാജമായി തയ്യാറാക്കിയതാണ് ടൂള്‍ കിറ്റെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് സൗമ്യ വര്‍മ്മയുടെ കോണ്‍ഗ്രസ് ബന്ധം പുറത്തായത്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യമുപയോഗിച്ച് മോദിയുടെ പ്രതിച്ഛായ തകര്‍ക്കുക, കൊവിഡിനെ മോദി വകഭേദം എന്ന് വിളിക്കുക, ശവസംസ്കാരത്തിന്റെയും മറ്റും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുക, അന്താരാഷ്ട്ര മാധ്യമങ്ങളെ ഉപയോഗിച്ച് കൊവിഡ് വ്യാപനം സംബന്ധിച്ച് രാജ്യത്തെ മോശമാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ നിരന്തരം ചെയ്യുക, കൊവിഡിന് കാരണം കുംഭമേളയെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ രാജ്യദ്രോഹകരമായ നിര്‍ദേശങ്ങളടങ്ങിയ ടൂള്‍ കിറ്റാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായി നല്കിയ നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിന്റെ ഇന്ത്യാവിരുദ്ധ മുഖം വ്യക്തമാക്കുന്നായി മാറി. 2017ല്‍ ജെഎന്‍യുവിലെ തീവ്ര ഇടതുപക്ഷ നേതാക്കളെ അടക്കം ഉള്‍പ്പെടുത്തി രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് രൂപീകരിച്ച ടീമിലെ അംഗമാണ് സൗമ്യ വര്‍മ്മയും. രാജ്യവിരുദ്ധ നിലപാടുകളിലേക്ക് പാര്‍ട്ടിയെയും രാഹുല്‍ഗാന്ധിയെയും എത്തിക്കുന്നതില്‍ ഈ സംഘത്തിന്റെ പങ്ക് മുമ്പും പുറത്തുവന്നിട്ടുണ്ട്.
സൗമ്യയുടെ കോണ്‍ഗ്രസ് ബന്ധം വ്യക്തം: സമ്പിത് പാത്ര
ന്യൂദല്‍ഹി: സൗമ്യയുടെ കോണ്‍ഗ്രസ് ബന്ധം വ്യക്തമാണെന്നും വിവാദ ടൂള്‍കിറ്റ് സംബന്ധിച്ച് രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറുപടി പറയണമെന്നും ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര. ടൂള്‍കിറ്റ് പുറത്തുവിട്ടപ്പോള്‍ അതു ബിജെപി വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രചരണം. സൗമ്യയുമായുള്ള ബന്ധം കോണ്‍ഗ്രസ് വിശദീകരിക്കാന്‍ തയ്യാറാവണം, സമ്പിത് പാത്ര ആവശ്യപ്പെട്ടു.
”ഇന്നലെ കോണ്‍ഗ്രസ് ചോദിച്ചത് ആരാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത് എന്നായിരുന്നു. ആരാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത്, സൗമ്യ വര്‍മ്മ. ആരാണ് സൗമ്യ വര്‍മ്മ? തെളിവുകള്‍ സംസാരിക്കട്ടെ. ഇനിയെങ്കിലും രാഹുല്‍ മറുപടി നല്‍കുമോ’? സമ്പിത് പാത്ര ചോദിച്ചു. സൗമ്യ വാട്ട്സാപ്പ് വഴി ടൂള്‍ കിറ്റ് അയച്ചതിന്റെ തെളിവുകളും സമ്പിത് പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: