തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ദിനം കരിദിനമായി ആചരിക്കുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് പടരുന്ന സാഹചര്യമുള്ളതിനാല്‍ തലസ്ഥാനനഗരി പോലും ട്രിപിള്‍ ലോക്കഡൗണിലാണുള്ളത്. ഈ സാഹചര്യത്തിലാണ് അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകേണ്ടവര്‍ ജനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തി കോവിഡ് വ്യാപനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്. ജനങ്ങള്‍ക്ക് വെല്ലുവിളിയാകാതെ സമൂഹമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് വെര്‍ച്വല്‍ ആയി നടത്തുവാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്നും, ഗൗരവപരമായ വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ബഹു.കേരള ഗവര്‍ണര്‍ക്ക് എബിവിപി പരാതി നല്‍കിയിരുന്നു.
ജനങ്ങളുടെ ജീവന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് ആഡംബരവും ആഘോഷവുമാക്കി നടത്തുവാനാണ് പിണറായി സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ സത്യപ്രതിജ്ഞ ദിനം കരിദിനമായി ആചരിക്കുമെന്നും, സമൂഹ മാധ്യമങ്ങളില്‍ പ്രൊഫൈല്‍ പിക്ചറുകളും സ്റ്റാറ്റസുകളും കറുത്ത ഫോട്ടോ വെച്ചുകൊണ്ട് ഓരോരുത്തരും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: