കോഴിക്കോട്: സിപിഎമ്മിന് പരമോന്നത വേദി പിബിയാണ്, പോളിറ്റ് ബ്യൂറോ; അത് പിണറായി ബ്യൂറോ ആയി. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നുണ്ടായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി, ചൈന ആഗോള കമ്യൂണിസം വിട്ട് സ്വന്തം കമ്യൂണിസത്തിലേക്ക് മാറിയതോടെ റഷ്യയെപ്പോലെയായി. കമ്യൂണിസം മാര്‍ക്സിസമായെങ്കിലും ശേഷിക്കുന്ന അവസാന ഇന്ത്യന്‍ സംസ്ഥാനം.
പ്രാദേശിക ‘സോവ്യറ്റു’കളെ കൂട്ടിക്കെട്ടി നിര്‍ത്തിയിരുന്ന ചരട് പൊട്ടിച്ച് മുഖാവരണങ്ങള്‍ മാറ്റി ലോകത്തിനു മുമ്പില്‍ നിന്ന് സാഹസം കാട്ടിയ മിഖായേല്‍ ഗോര്‍ബച്ചേവ് സോവ്യറ്റ് യൂണിയനില്‍ പരിഷ്കാരത്തിന് ആദ്യം ചെയ്തത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും കൈപ്പിടിയിലാക്കുകയായിരുന്നു. അതിനു ശേഷം പാര്‍ട്ടിയില്‍ പാരമ്പര്യവും പൈതൃകവും പരിചയ സമ്പന്നതയും പറഞ്ഞിരുന്നവരെ മൂലയ്ക്കിരുത്തി. പുതുരക്തം, ടെക്നോളജി വൈദഗ്ധ്യം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഇഷ്ടക്കാരെ ഇച്ഛാനുസരണം ഭരണത്തില്‍ നിയോഗിച്ചു. എല്ലാവരും ഗോര്‍ബച്ചേവിനെ എല്ലാറ്റിനും ആശ്രയിക്കുന്നവരാക്കി.
സര്‍ക്കാരും പാര്‍ട്ടിയും ചെയ്യാന്‍ പോകുന്നതെന്തെന്ന് അറിയാവുന്നത് ഒരേയൊരാള്‍ക്ക് മാത്രമായി. ഏറെക്കുറേ സമാനമായി പിണറായി വിജയന്റെ ഭരണം ആദ്യ ഊഴത്തില്‍ ഏതാനും പേരില്‍ ഒതുങ്ങിയിരുന്നത് ഇത്തവണ ഒന്നോ രണ്ടോ പേരിലേക്ക് കൂടുതല്‍ ചുരുങ്ങി.
പിണറായിയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ പാര്‍ട്ടിയിലാരുമില്ല. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചപ്പോള്‍ പിണറായിയോട് വിശദീകരണം ചോദിക്കാന്‍ ദല്‍ഹിയിലെ പാര്‍ട്ടി നേതൃത്വത്തിന് അധികാരമുണ്ടായിരുന്നു. ഇന്ന് ആ നേതൃത്വം കൂടുതല്‍ ക്ഷയിച്ചു, പിണറായി സഹായിച്ചില്ലെങ്കില്‍ ദല്‍ഹി ഗോള്‍ മാര്‍ക്കറ്റിലെ എകെജി ഭവന്റെ ഫ്യൂസ്, ദല്‍ഹി വൈദ്യുതി ബോര്‍ഡ് ഊരും. അധികാരവും സമ്പത്തും ഇല്ലാത്തതിനെ തുടര്‍ന്ന്, ഇന്ദ്രജിത് ഗുപ്ത മാര്‍ഗിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവന്റെ ദയനീയ അവസ്ഥ സീതാറാം യെച്ചൂരിക്കും കൂട്ടര്‍ക്കും നല്ലതുപോലെയറിയാം. അതിനാല്‍ കേരളത്തിലാണ്, പിണറായിയാണ്, പിണറായി മാത്രമാണ്, സിപിഎമ്മിന് ഇനി പിബി.
കഴിഞ്ഞ ഭരണത്തില്‍, പിന്‍വാതില്‍ നിയമനം നടത്തി യുവജനതയെ വഞ്ചിച്ചു എന്നായിരുന്നു പിണറായി സര്‍ക്കാരിനെതിരേ ആക്ഷേപം അത് കണക്കിലെടുത്ത്, രണ്ടാം ഭരണത്തില്‍ മന്ത്രിസഭാ രൂപീകരണം തന്നെ പിന്‍വാതിലിലൂടെയാക്കിയെന്നാണ് പാര്‍ട്ടിയിലുള്ളവര്‍ തന്നെ അടക്കം പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ നിന്നുള്ള ഈ അപചയം സിപിഎമ്മിനും എല്‍ഡിഎഫിനും സംഭവിച്ചത് നായാനാര്‍ സര്‍ക്കാര്‍ മുതലായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയെ മന്ത്രിയാക്കിയ ഇപ്പോഴത്തെ നടപടി ഇടത് അപചയത്തിന്റെ പരമാവധിയാണെന്ന് മാത്രമല്ല, അതിനപ്പുറം കടന്ന തകര്‍ച്ചയാണ്. കെ.ആര്. ഗൗരിയുടെ മേല്‍ പാര്‍ട്ടിയുടെ തലതൊട്ടപ്പന് ഇഎംഎസ് കൈക്കൊണ്ട അതേ നയവും നിലപാടുമാണ് കെ.കെ. ശൈലജയുടെ കാര്യത്തില്‍ പിണറായി സ്വീകരിച്ചത്. അതിനാല്‍ത്തന്നെ തിരുവായ്ക്ക് എതിര്‍വായില്ലാത്ത സ്ഥിതി അരക്കിട്ടുറപ്പിച്ചപോലെയായി. അത് പാര്‍ട്ടിയിലും മുന്നണിയിലുമായി എന്നതിന് തെളിവാണ്, മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന്, കമ്യൂണിസ്റ്റുകളിലെ ശേഷിച്ചിരുന്ന ധൈര്യശാലികളിലൊരാളായ കാനം രാജേന്ദ്രന് പോലും പറഞ്ഞത്.
ഉയര്‍ന്നുവരുന്ന ഒട്ടേറെ ചോദ്യങ്ങളുണ്ട്. യുവജനതയും പുതുതലമുറയും നിറഞ്ഞ മന്ത്രിസഭ നയിക്കുന്നതാരാണ്? 75 വയസുകാരന്. തലവനാരെന്നതല്ലേ കാര്യം? അപ്പോള്‍പ്പിന്നെ യുവജന വാദത്തിലെന്താണ് കഴമ്പ്. അനുഭവ പരിജ്ഞാനം മുഖ്യമല്ലേ? അതിന് വകുപ്പുകളിലെ ഭരണ നിര്‍വഹണം നടത്തുന്നത് സെക്രട്ടറിമാരല്ലേ?
വകുപ്പുകളില്‍, വകുപ്പ് മേധാവികളില്‍ കാര്യമായ മാറ്റം ഉണ്ടാക്കുകയാണ് അടുത്ത പടി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ചേര്‍ന്നായിരിക്കും ഭരണം. അപ്രഖ്യാപിതരായ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകും; ഒരാള്‍ സംസ്ഥാന തലസ്ഥാനത്തും ഇനിയൊരാള്‍ രാജ്യ തലസ്ഥാനത്തും ചുമതലക്കാരുമാകും ഭരണഘടനാപരമായ ബാധ്യതയൊന്നുമില്ലാത്ത അധികാരികള്‍.
എന്നാലും കാണാതെ പോകരുത് പിണറായിയുടെ ദീര്‍ഘദൃഷ്ടി. കഴിവ് തെളിയിച്ചുവെന്ന് അണികള്‍ വാഴ്ത്തിയ ശൈലജയ്ക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കാതിരുന്നതിന്. അങ്ങനെ മറ്റൊരു വി.എസ് എപ്പിസോഡ് ആവര്‍ത്തിക്കാതെ നോക്കി. ശൈലജയെ ഒതുക്കി പത്രസമ്മേളനങ്ങള്‍ കൈയടക്കിയതടക്കം കരുനീക്കങ്ങള്‍ എല്ലാം കൃത്യമാക്കിയതിലൂടെ. പിണറായിയുടെ കളി കാണാന്‍ പോകുന്നതേയുള്ളു, പാര്‍ട്ടിയും കേരളവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: