ഒന്നരവര്‍ഷത്തോളമായി ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലാണ്. ഭരണകൂടങ്ങള്‍ മാത്രം വിചാരിച്ചാല്‍ ഈ വിപത്തില്‍നിന്ന് മാനവരാശിയെ രക്ഷിക്കാനാവില്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഭാരതത്തെപ്പോലെ ജനപ്പെരുപ്പമുള്ള രാജ്യമാവുമ്പോള്‍ സ്ഥിതിവിശേഷം ഏറെ ദുഷ്ക്കരമാവുന്നു. ഇവിടെയാണ് സേവാഭാരതി പോലുള്ള സന്നദ്ധസംഘടനകളുടെ പ്രാധാന്യം. ആരോഗ്യ സംവിധാനം അപര്യാപ്തമാവുകയും, രോഗവ്യാപനത്തിന്റെ തോതും മാരകമായ സ്വഭാവവും കണക്കിലെടുക്കുമ്പോള്‍ രോഗപ്രതിരോധത്തിന് സന്നദ്ധ സംഘടനകള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ദേശീയ സേവാഭാരതി ആഗോളതലത്തില്‍തന്നെ അംഗീകരിക്കപ്പെടുന്നത് അത്യന്തം ചാരിതാര്‍ത്ഥ്യജനകമാണ്. സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്റര്‍ 18 കോടിയിലേറെ രൂപ സംഭാവന ചെയ്തിരിക്കുന്നു. ദേശീയ സേവാഭാരതിയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സേവാ ഇന്റര്‍നാഷണലിന്റെ അമേരിക്കന്‍ ഘടകത്തിനാണ് ഈ തുക കൈമാറുക. കൊവിഡ് പ്രതിരോധത്തിനായി ഭാരതത്തില്‍ ട്വിറ്റര്‍ ചെലവഴിക്കുന്ന 100 കോടി രൂപയില്‍നിന്നാണ് സേവാഭാരതിക്ക് ഇത്രയും തുക നല്‍കുന്നത്.
ഹൂസ്റ്റണ്‍ ആസ്ഥാനമായുള്ള സേവാ ഇന്റര്‍നാഷണല്‍ ഇതുവരെ കൊവിഡ് പ്രതിരോധത്തിനായി 120 കോടി രൂപ സമാഹരിക്കുകയുണ്ടായി. ഇതിനിടെയാണ് ട്വിറ്ററിന്റെ സാമ്പത്തിക സഹായവും ലഭിച്ചിട്ടുള്ളത്. തീര്‍ച്ചയായും ഇത് സേവാഭാരതിക്ക് വലിയ അംഗീകാരമാണ്. കൊവിഡിന്റെ രണ്ടാം തരംഗം കനത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ നിസ്സഹായരായ രോഗികള്‍ക്കും ജനങ്ങള്‍ക്കും വിപുലമായ സഹായമാണ് സേവാഭാരതി ഒരുക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സന്നദ്ധസംഘടനകളില്‍ മുന്‍പന്തിയിലാണ് സേവാഭാരതിയുടെ സ്ഥാനം. സേവാ ഇന്റര്‍നാഷണലുമായി ചേര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതിന് പുറമെ ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങളും സേവാഭാരതി എത്തിച്ചുകൊടുക്കുന്നു. കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളില്‍ ഊര്‍ജിതമായ പ്രവര്‍ത്തനമാണ് ഈ സംഘടന കാഴ്ചവയ്ക്കുന്നത്. കേരളത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം എത്താത്ത പഞ്ചായത്തുകളില്ല. കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കാന്‍ സംഘടന സജ്ജവും സജീവവുമാണ്. ദല്‍ഹിയിലെ ആശുപത്രികള്‍ക്കു പുറത്ത് ഓക്സിജന്റെ കുറവനുഭവപ്പെട്ടപ്പോള് ‘പ്രാണവായു സേവ’ എന്ന പേരില്‍ വൈദ്യസേവന രംഗത്തെ പരിചയസമ്പന്നരുടെ നേതൃത്വത്തില്‍ സേവാഭാരതി ഓക്സിജന്‍ എത്തിക്കുകവഴി നിരവധി രോഗികളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു. വാഹനങ്ങളില്‍ ഓക്സിജന്‍ സിലിണ്ടറുകളും കിടക്കകളും സജ്ജീകരിക്കുകയായിരുന്നു. ആശുപത്രികളിലേക്കു കൊണ്ടുവരുന്ന രോഗികള്‍ക്ക് കിടക്കകള്‍ ലഭിക്കുന്നതുവരെ ഓക്സിജന്‍ സൗകര്യം ഉറപ്പാക്കുന്നതിനായിരുന്നു ഇത്.
രാജ്യതലസ്ഥാനത്ത് കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ പാക്കിസ്ഥാനില്‍നിന്നുള്ള അഭയാര്‍ത്ഥികളുടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വലിയ അരക്ഷിതാവസ്ഥയിലും ദുരിതത്തിലും അകപ്പെട്ടു. എന്തിനും ഏതിനും രാഷ്ട്രീയം കാണുന്ന അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല. അപ്പോഴും സഹായത്തിനെത്തിയത് സേവാഭാരതിയാണ്. ഈ ദുരിതകാലത്ത് നിസ്വാര്‍ത്ഥമായി ജനങ്ങളെ സേവിക്കുന്ന സേവാഭാരതിയെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെപ്പോലുള്ളവര് കലറവയില്ലാതെ പ്രശംസിക്കുകയുണ്ടായി. നിസ്സഹായരായ മനുഷ്യരുടെ കണ്ണീരൊപ്പുകയും ജീവന് രക്ഷിക്കുകയും ചെയ്യുന്ന സേവാഭാരതിക്കെതിരെ ചില മാധ്യമപ്രവര്‍ത്തകര്‍ വലിയതോതിലുള്ള പ്രചാരണം നടത്തി. സേവാഭാരതിയുടെ ആര്‍എസ്എസ് ബന്ധം ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്. മോദി സര്‍ക്കാരിനെ പി
ന്തുണയ്ക്കുന്ന സംഘടനയാണിതെന്നും ചിലര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു ഈ പ്രചാരണം. സേവാഭാരതിക്കു ലഭിക്കുന്ന സഹായം ഇല്ലാതാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇപ്പോള്‍ ട്വിറ്റര്‍ തന്നെ കോടിക്കണക്കിന് രൂപ സംഭാവന ചെയ്യുമ്പോള്‍ സേവാഭാരതിയുടെ മഹത്വത്തിനാണ് അത് അടിവരയിടുന്നത്. ജാതിമതചിന്തകള്‍ക്കും രാഷ്ട്രീയത്തിനുമതീതമായി കഷ്ടപ്പെടുന്ന ജനങ്ങളുടെ കണ്ണീരൊപ്പുന്ന സേവാഭാരതി രാജ്യത്തിന് ഒരു അനുഗ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: