ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 24 മണിക്കൂറിനിടെ 3,11,170 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,46,84,077 ആയി. രോഗമുക്തി നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 3,62,437 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,07,95,335 പേര് ഇതുവരെ രോഗമുക്തി നേടി.
രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4,077 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,70,284 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,32,950 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകള്‍ 31,48,50,143 ആയി ഉയര്‍ന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് പുരോഗമിക്കുകയാണ്. ഇതുവരെ 18,22,20,164 പേര് വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ കൊറോണയെ തുടര്‍ന്നുള്ള ബ്ലാക്ക് ഫംഗസ് അണുബാധ (മ്യൂക്കോര്‍മൈക്കോസിസ്) പല സംസ്ഥാനങ്ങളിലേക്കും പടരുന്നതായും റിപ്പോര്‍ട്ടുണ്ട്്. ദല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് ഫംഗസ് സ്ഥിരീകരിച്ചത്. കേരളത്തിലും ഏഴ പേര്‍ക്ക് രോഗബാധ സ്ഥീരീകരിച്ചിട്ടുണ്ട്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: