ശ്ലോകം 334
യതിരസദനുസന്ധിം ബന്ധഹേതും വിഹായ
സ്വയമയമഹസ്മീത്യാത്മദൃഷ്ട്യൈവ തിഷ്ഠേത്
സുഖയതി നനു നിഷ്ഠാ ബ്രഹ്മണി സ്വാനുഭൂത്യാ
ഹരതി പരമവിദ്യാകാര്യദുഃഖം പ്രതീതം
ബന്ധനത്തെ ഉണ്ടാക്കുന്ന അസത് വസ്തുക്കളെക്കുറിച്ചുള്ള ചിന്ത സാധകന് ഉപേക്ഷിക്കണം. ഞാന്‍ ആത്മസ്വരൂപം തന്നെയെന്ന നിരന്തര ചിന്തയെ പരിശീലിക്കണം. അവിദ്യയില്‍ നിന്നുണ്ടായ ദുഃഖാനുഭവങ്ങളെ നശിപ്പിക്കാന്‍ ആത്മ ബ്രഹ്മൈക്യമാകുന്ന സുഖാനുഭൂതിയിലുള്ള നിഷ്ഠയ്ക്ക് കഴിയും.
ബന്ധനത്തിന് കാരണമായ അനാത്മചിന്തയെ വെടിഞ്ഞയാളാണ് സംന്യാസി. തന്നില്‍ തന്നെയുള്ള ആത്മഭാവത്തില്‍ ഉറച്ചിരുന്ന് സദാ ആനന്ദത്തെ അനുഭവിക്കുന്നയാള്‍ക്ക് ഒട്ടുമേ ദുഃഖമുണ്ടാകുന്നില്ല.
അസത് വസ്തുക്കളായ ഇന്ദ്രിയ വിഷയങ്ങളെ നിരന്തരം ധ്യാനിക്കുന്നതിനാല്‍ ജീവന് സംസാരത്തില്‍ ബദ്ധനാക്കും.
അസത് വസ്തുക്കളെ പറ്റി തോന്നലുണ്ടായാല്‍ തന്നെ മനസ്സ് കലങ്ങും. ഉന്നത ആദര്‍ശങ്ങളും ജീവിത മൂല്യങ്ങളും മറന്നു പോകും. ഇത് വിട്ടുവീഴ്ചയ്ക്കും അദ്ധ്യാത്മികതയില്‍ അനവസരത്തിലെ ഒത്ത് തീര്‍പ്പിനും ഇടയാക്കും. അതിനാല്‍ ആദ്ധ്യാത്മിക സാധകന് നശ്വരങ്ങളായ അസത് വസ്തുക്കളപ്പറ്റി ചിന്തിക്കുന്നത് നിര്‍ത്തണം.
ഉള്ളില്‍ വിഷയ ചിന്തയില്ലാതായാല്‍ സ്വന്തം അന്തരാത്മാവ് തന്നെ സര്‍വ്വഭൂതാന്തരാത്മാവ് എന്ന സമ്യക് ജ്ഞാനം സാധകനുണ്ടാകും. അനുഭവ രൂപത്തിലുള്ള ആത്മജ്ഞാനം അജ്ഞാനത്തെ തുടര്‍ന്നുള്ള എല്ലാ ദുഃഖങ്ങളേയും നശിപ്പിക്കും ആത്മജ്ഞാനിക്ക് വളരെ കേമമായ ശാന്തിയനുഭവപ്പെടും.
തരതി ശോകം ആത്മവിദ്- ആത്മജ്ഞാനി ശോകത്തെ തരണം ചെയ്യുന്നു. യോ വൈഭൂമാ തത് സുഖം – ഏറ്റവും വലിയതു തന്നെ സുഖം എന്നിങ്ങനെ ശ്രുതിവാക്യങ്ങളുണ്ട്. ആനന്ദസ്വരൂപമായ ബ്രഹ്മത്തിലിരിക്കുന്നവര്ക്ക് അജ്ഞാനവും അതില്‍ നിന്നുള്ള ദുഃഖമോ ഉണ്ടാകില്ല.
ശ്ലോകം 335
ബാഹ്യാനുസന്ധിഃ പരിവര്ദ്ധയേത് ഫലം
ദുര്വാസനാമേവ തതസ്തതോളധികാം
ജ്ഞാത്വാ വിവേകൈഃ പരിഹൃത്യ ബാഹ്യം
സ്വാത്മാനുസന്ധിം വിദധീത നിത്യം
ബാഹ്യവിഷയങ്ങളെപ്പറ്റിയുള്ള നിരന്തര ചിന്തനം അതിന്റെ ഫലമായ ദുര്‍വ്വാസനകളെ മേല്ക്കുമേല് വര്‍ദ്ധിപ്പിക്കും. ഇത് മനസ്സിലാക്കി വിവേകം കൊണ്ട് ബാഹ്യ വസ്തുക്കളെ വെടിഞ്ഞ് നിരന്തരമായി ആത്മാനുസന്ധാനം ചെയ്യണം. ബാഹ്യവിഷയങ്ങളെ മാത്രം എല്ലായ്പോഴും ചിന്തിച്ചിരുന്നാല്‍ അതു മൂലമുണ്ടാകുന്ന ദുരിതം കൂടിക്കൂടി വരും.
ദുര്‍വാസനകളെ പെരുപ്പിക്കുന്ന ദാരുണ ഫലങ്ങളായിരിക്കും ഉണ്ടാകുക. വിഷയങ്ങളില്‍ മുഴുകും തോറും ഉള്ളിലെ കെട്ടുകള്‍ മുറുകും. മനസ്സില്‍ വിക്ഷേപങ്ങള്‍ ഏറി വരികയും വാസനകളും ആഗ്രഹങ്ങളും വര്‍ദ്ധിക്കുകയും ചെയ്യും.
ഇത് പുതിയ പുതിയ കര്‍മ്മങ്ങളിലേക്ക് ആഴ്ത്തും. പലപ്പോഴും സ്വയം തകര്‍ച്ചയ്ക്ക് തന്നെ കാരണമാകുന്നു. വിവേകമുള്ളവര്‍ക്ക് ഈ അപകടം തിരിച്ചറിയാന്‍ കഴിയും. അവര്‍ വിഷയചിന്ത വിട്ട് ആത്മാനുസന്ധാനത്തിലേക്ക് തിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: