കാസര്‍കോട്: ഗുജറാത്തില്‍ നിന്ന് ഓക്സിജന്‍ കാസര്‍കോട് എത്തിക്കുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മന്ത്രി ഇ ചന്ദ്രശേഖരന്. മംഗളൂരുവില്‍ നിന്നുള്ള ഓക്സിജന്‍ വരവ് നിലച്ചതാണ് കാസര്‍കോട്ടെ പ്രതിസന്ധിക്ക് കാരണം. കലക്ടര്‍ കഴിഞ്ഞ ദിവസം നടത്തിയ ഓക്സിജന്‍ ചലഞ്ചിലൂടെ 160 ഓളം ഓക്സിജന്‍ സിലിണ്ടര്‍ കിട്ടിയെന്നും അഹമ്മദാബാദില്‍ നിന്ന് ഉടന്‍ ഓക്സിജന്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓക്സിജന്‍ ദൗര്‍ലഭ്യം അതാത് സമയങ്ങളില്‍ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കൃത്യമായി അറിയിച്ചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വളരെ പ്രയാസപ്പെട്ടാണെങ്കിലും ഓക്സിജന്‍ എത്തിക്കാനായി. ഇത് ഇനിയും തുടരും. ഇപ്പോഴുള്ള ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ കുറവാണ്. സിലിണ്ടറിന്റെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കിലാണെന്നും മന്ത്രി പറഞ്ഞു.
16000ത്തില്‍ അധികം കോവിഡ് ബാധിതരാണ് ജില്ലയിലുള്ളത്. അതില്‍ 95 ശതമാനം ആളുകളും വീടുകളില്‍ കഴിയുകയാണ്. 682 പേര് മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതില്‍ തന്നെ ഓക്സിജന്‍ ആവശ്യമുള്ളവരുടെ എണ്ണം കുറവാണ്. ജില്ലയില്‍ പ്രതിദിനം 360 ഓക്സിജന്‍ സിലണ്ടറുകള്‍ ആവശ്യമുണ്ട് . അതിനായി അഹമ്മദാബാദില്‍ സിലിണ്ടറിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.
ജില്ലാ കളക്ടര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ഓക്സിജന്‍ ചാലഞ്ചിലൂടെ 150 ഓക്സിജന്‍ സിലിണ്ടറുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചു. വീണ്ടും 150 സിലിണ്ടറുകള്‍ കൂടി ലഭിച്ചാല്‍ ജില്ലയ്ക്ക് അത് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വാങ്ങുന്ന സിലിണ്ടറുകള്‍ സര്‍ക്കാര്‍ വാങ്ങുന്ന സിലിണ്ടറുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 147 ഓക്സിജന്‍ ബെഡുകള്‍ ആണുള്ളത്. ഇത് 1016 ആക്കാനായി ശ്രമിക്കുകയാണ്. 13 ലക്ഷത്തില്‍ അധികം ജനസംഖ്യയാണ് ജില്ലയിലുള്ളത്. നിലവില്‍ ഇതില്‍ 3.3 ശതമാനം പേര്‍ക്ക് വാക്സിന് നല്കി കഴിഞ്ഞു. 54 വെന്റിലേറ്ററുകളാണ് ജില്ലയിലുള്ളത്. ഇതില്‍ ഏഴ് വെന്റിലേറ്ററുകളില്‍ മാത്രമാണ് നിലവില്‍ രോഗികള്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളെ പരിഭ്രാന്തിപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതരം വാര്‍ത്തകള്‍ ഈ സമയത്ത് നല്‍കരുതെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: