കാസര്‍കോട്: ഒന്നാംതരംഗത്തില്‍ ചികിത്സയ്ക്ക് ശ്വാസം മുട്ടിയ കാസര്‍കോട് ജില്ല, രണ്ടാം തരംഗത്തില്‍ പ്രാണവായുവിനായി കേഴുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും കാസര്‍കോട്ടെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം. ഓക്സിജന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ രാവിലെ 15 ഓക്സിജന്‍ സിലിണ്ടറുകള്‍ കണ്ണൂരില്‍ നിന്ന് എത്തിച്ചിരുന്നു.
ഉച്ചയോടെ സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് സെന്ററിലാണ് ഓക്സിജന്‍ ക്ഷാമം നേരിട്ടത്. ഇന്നലെ ഉച്ചയോടെ ഇവിടെ അവശേഷിച്ചത് വെറും നാല് ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമായിരുന്നു. ഇത് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവുമായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് വീണ്ടും അടിയന്തരമായി ഇവിടേക്ക് ഓക്സിജന്‍ എത്തിച്ചു. കൊവിഡ് ബാധിതരായ പത്ത് പേരാണ് ഈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവരില്‍ ഏഴ് പേര്‍ക്കും ഓക്സിജന്‍ വേണമെന്നതായിരുന്നു പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്.
സംസ്ഥാനത്ത് ഓക്സിജന്‍ ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്ന ജില്ല കൂടിയാണ് കാസര്‍കോട്. സ്വന്തമായി പ്ലാന്റില്ലെന്നതും ഓക്സിജന്‍ മംഗഌരുവിനെയോ കണ്ണൂരിനേയോ ആശ്രയിക്കുന്നതുമാണ് ജില്ലയ്ക്ക് തിരിച്ചടിയാകുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നത് കര്‍ണാടക വിലക്കിയത് കാസര്‍കോട് ജില്ലയെ മാത്രമാണ് ബാധിച്ചത്. ഓക്സിജന്‍ ക്ഷാമം കൂടി വന്നതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ രോഗികളെ െൈകയാഴിയുന്ന അവസ്ഥ വരെയുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ ചട്ടഞ്ചാലില്‍ സ്ഥാപിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ ടെന്‍ഡര്‍ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. മെയ് 27 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ നിശ്ചയിച്ച കാലാവധി. ഇത്രയും ദിവസം നീളുന്നതിനാല്‍ നിലവിലെ പ്രതിസന്ധിക്ക് പ്ലാന്റ് പരിഹാരമാവില്ലെന്നുറപ്പാണ്. കോഴിക്കോട് ജില്ലയില്‍ ഓക്സിജന്‍ പ്രയാസം നേരിടുമെന്ന് മുന്‍കൂട്ടി കണ്ട കളക്ടര്‍ വ്യവസായശാലകളിലെ പ്ലാന്റുകള്‍ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരമൊരു ശ്രമവും കാസര്‍കോട് ഇല്ലെന്നതാണ് ഏറെ ആശങ്കയുണ്ടാക്കുന്നത്.
ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം വിഷമം സൃഷ്ടിക്കുന്നു: ആരോഗ്യമന്ത്രി
കണ്ണൂര്‍: കേരളത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം നേരിടുന്നത് ഇപ്പോഴും വലിയ വിഷമമാണെന്നും കുടുതല്‍ ഓക്സിജന്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മട്ടന്നൂരിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കര്‍ണാടകത്തില്‍ നിന്ന് ഇപ്പോള്‍ ഓക്സിജന്‍ സിലിണ്ടര്‍ കിട്ടുന്നില്ല. അവരും സ്വകാര്യ മേഖലയ്ക്ക് കൊടുക്കുന്നത് നിര്‍ത്തി. മറ്റിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്നതിനായി ട്രക്കുകള്‍ക്ക് ക്ഷാമം നേരിടുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി കൂടുതല്‍ ട്രക്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കൊവിഡ് മരണങ്ങള് സര്‍ക്കാര്‍ മറച്ചു പിടിക്കുകയാണെന്ന ആരോപണങ്ങള്‍ മന്ത്രി തള്ളി. ഇത്തരം ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയേണ്ട കാര്യമില്ല. അത്ര ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൊവിഡ് മരണങ്ങള് ഇത്തവണ കുറവാണ്. കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണിത്. പരമാവധി ജീവന് രക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: