ധാക്ക: ചൈനയ്ക്കെതിരെ രൂപം കൊണ്ട് ക്വാഡ് സഖ്യത്തില്‍ ബംഗ്ലാദേശും ചേര്‍ന്നേക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി ചൈന. എന്നാല്‍ വിദേശനയം സ്വയം തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ ചൈനയുടെ ഉപദേശം ആവശ്യമില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി തിരിച്ചടിച്ചു.
2007ലാണ് ക്വാഡ് സഖ്യം രൂപീകരിക്കപ്പെടുന്നത്. ഇന്തോ-പസഫിക് സമുദ്രത്തില്‍ ചൈനയുടെ ആധിപത്യത്തെ നിയന്ത്രിക്കാന്‍ ഇന്ത്യ, യുഎസ്, ആസ്ത്രേല്യ, ജപ്പാന് എന്നീ നാല് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച മുന്നണിയാണ് ക്വാഡ്. ഈ ക്വാഡില്‍ അംഗമായി ചേരാന്‍ ആവശ്യപ്പെട്ട് യുഎസ് ബംഗ്ലാദേശിനെ സമീപിച്ചു എന്ന വാര്‍ത്തയാണ് ചൈനയെ വിറളി പിടിപ്പിച്ചിരിക്കുന്നത്.
ക്വാഡില്‍ അംഗമായി ചേര്‍ന്നാല്‍ ഉഭയകക്ഷി ബന്ധത്തില്‍ തകരാര്‍ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ബംഗ്ലാദേശിലെ ചൈനീസ് സ്ഥാനപതി ലി ജിമിങ് നല്‍കിയത്.എന്നാല്‍ ചേരിചേരാ നയമാണ് പിന്തുടരുകയെന്നും ഈ വിദേശനയമനുസരിച്ച് സ്വയം തീരുമാനമെടുക്കുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ. അബ്ദുല്‍ മോമെന്‍ തിരിച്ചടിച്ചു. ‘ഞങ്ങള്‍ പരമാധികാരമുള്ള രാജ്യമാണ്. ഏതു രാജ്യത്തിനും അവരവരുടെ കാര്യം പറയാന്‍ അവകാശമുണ്ട്, ‘ അദ്ദേഹം പറഞ്ഞു. അതേ സമയം യുഎസില്‍ നിന്നും ആരും ഈ ആവശ്യം ഉന്നയിച്ച് ബംഗ്ലാദേശിനെ സമീപിച്ചിട്ടില്ലെന്നും മോമെന്‍ വ്യക്തമാക്കി.
ക്വാഡ് സഖ്യം ചൈനയ്ക്കെതിരെ രൂപീകരിക്കപ്പെട്ട ശക്തിയാണെന്നാണ് ചൈനയുടെ നിഗമനം. ബംഗ്ലാദേശ് അതില്‍ ചേര്‍ന്നാല്‍ ചൈനയുമായുള്ള ബന്ധങ്ങള്‍ കാര്യമായി തകരുമെന്നും ചൈനയുടെ സ്ഥാനപതി ലി ജിമിങ് പറഞ്ഞു.
ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുല്‍ ഹാമിദും ചൈനയുടെ പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെംഗിയും ആഴ്ചകള്‍ക്ക് മുമ്പ് സൈനിക സഖ്യം രൂപീകരിക്കാന്‍ കൂടിയാലോചന നടത്തിയിരുന്നു. ക്വാഡിനെതിരെ ഈ പ്രദേശത്ത് ബംഗ്ലാദേശിന്റെ സഹായത്തോടെ കരുത്ത് വര്‍ധിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതിനിടിയിലാണ് ബംഗ്ലാദേശ് ക്വാഡില്‍ ചേരുമെന്ന അഭ്യൂഹം പരന്നതും ചൈനയെ അത് ചൊടിപ്പിച്ചതും.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ശക്തിയാണ് ഇപ്പോള്‍ ഇന്ത്യ. അതുകൊണ്ട് തന്നെയാണ് ചൈനയുടെ ലോകശക്തിയായി വളരാനുള്ള നീക്കം തടയാന്‍ യുഎസ് ഇന്ത്യയുമായി ചേര്‍ന്ന് ക്വാഡ് രൂപീകരിച്ചത്. ജപ്പാനും ആസ്ത്രേല്യയും ഈ സഖ്യത്തില്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: