തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ അടിയന്തിര മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചു നല്കാന് ഒരുങ്ങി കെഎസ്ആര്‍ടിസി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവന് രക്ഷാ മരുന്നുകള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ ക്യാപ്സ്യൂളുകള് എന്നിവ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ വഴി എത്തിച്ചു നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
വ്യാഴാഴ്ച മുതല്‍ ആവശ്യാടിസ്ഥാനത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിന് വേണ്ടിയുള്ള ടാങ്കറുകള്‍ സര്‍വ്വീസ് നടത്തുന്നതാണ്. ഇതിനായി സന്നദ്ധത അറിയിച്ച ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഡ്രൈവര്‍മാരുടെ സേവനം രാത്രിയോടെ ഇനോക്സ് കമ്പനിയുടെ ഓക്സിജന്‍ ടാങ്കറില്‍ ലഭ്യമാക്കും.
നിലവില്‍ വിവിധ കളക്ട്രേറ്റുകളില്‍ ഡ്രൈവര്‍മാരായും മറ്റും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണിത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കാനും കെഎസ്ആര്‍ടിസി മുന്നോട്ട് വന്നിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സംസ്ഥാനത്തെ ഓക്സിജന്‍ ഉള്‍പ്പടെയുള്ള ജീവന് രക്ഷാ ഉപകരണങ്ങളുടെ ആവശ്യവും വര്‍ധിച്ചിട്ടുണ്ട്. ഇവ എത്തിച്ചു നല്‍കുന്നതിന് കൂടുതല്‍ ഡ്രൈവര്‍മാരുടെ ആവശ്യം വന്നതോടെ കെഎസ്ആര്‍ടിസിയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.
തുടര്‍ന്ന് സന്നദ്ധ സേവനത്തിന്റെ ഭാഗമായി ടാങ്കര്‍ ലോറികളില്‍ സര്‍വ്വീസ് നടത്താന്‍ താല്പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് സിഎംഡി സര്‍ക്കുലര്‍ ഇറക്കി. ഇതിന് പിന്നാലെ 450 തില്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്നും സന്നദ്ധ സേവനത്തിലായി താല്പര്യം അറിയിച്ചത്.
അതില്‍ നിന്നുള്ള ആദ്യ ബാച്ചിലെ 35 ഡ്രൈവര്‍മാര്‍ക്കാണ് നാളെ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് മേയ് 14 ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാരെ പരിശീലനം നല്കി റിസര്‍വായി വെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: