ശ്രീനഗര്‍: കോവിഡ് മൂലം പ്രതിസന്ധിയിലായവരെ സഹായിക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് ജമ്മുകാശ്മീര്‍ ഭരണകൂടം. കുടുംബത്തിലെ വരുമാനമുള്ള ഏക അംഗത്തെ നഷ്ടമായ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പെന്ഷന് ലഭിക്കുമെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. മഹാമാരി കാരണം ദിവസക്കൂലിക്കാര്‍ക്ക് ജോലി നഷ്ടമായ സമയത്ത്, അംഗീകൃത നിര്‍മാണത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത രണ്ടുമാസത്തേക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കും.
സ്വയം തൊഴിലിനായും ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. വാര്‍ധക്യ പെന്ഷന് ഉള്‍പ്പെടെ വിവിധ ക്ഷേപദ്ധതികളുടെ ഗഡുക്കള്‍ ഉടന്‍ വിതരണം ചെയ്യുമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളുമായി മനോജ് സിന്‍ഹ ചര്‍ച്ച നടത്തിയ ശേഷമാണ് ലഫ്. ഗവര്‍ണറുടെ ഓഫിസ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: