തിരുവനന്തപുരം: ‘ആനകള്‍ക്ക് ചിരിക്കാനറിയില്ല, പക്ഷെ അടി കൊണ്ടാല്‍ കരയും’. ആനകളെ അളന്നും തൂക്കിയും മനസ്സിലാക്കിയ മാടമ്പ് കുഞ്ഞുകുട്ടന്റേതാണ് ഈ വാക്കുകള്‍. ഒരിയ്ക്കലും ആനകള്‍ ചിരിക്കുന്നതായി തോന്നിയിട്ടില്ല. എന്നാല്‍ അവയ്ക്ക് ചില അവസരങ്ങളില്‍ പ്രസന്ന ഭാവമുണ്ട്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 162-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ‘ഐതിഹ്യമാലയിലെ ആനക്കഥകള്‍’ എന്ന വിഷയത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തികഞ്ഞൊരു ആനപ്രേമിയായിരുന്നു അദ്ദേഹം. തൃശൂര്‍ക്കാരുടെ സ്വന്തമായ മേളത്തോടും ആനയോടുമുളള കടുത്ത അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു.
മാടമ്പിന്റെ നിര്യാണം തീര്‍ച്ചയായും സാഹിത്യത്തിനും സിനിമയ്ക്കും എന്നതുപോലെ ആനപ്രേമികള്‍ക്കും കനത്ത നഷ്ടമാണ്. ആന ലക്ഷണങ്ങള്‍ പറയുന്ന മാതംഗലീലയുടെ വിവിധ ഭാഗങ്ങള്‍ കാണാപാഠമായിരുന്നു അദ്ദേഹത്തിന്. പ്രശസ്ത ആയുര്‍വേദ, ഹസ്ത്യായുര്‍വേദ ചികിത്സകനായ പൂമുളളി ആറാം തമ്പുരാൻ എന്ന നീലകണ്ഠന് നമ്പൂതിരിപ്പാടായിരുന്നു ആനക്കാര്യത്തില്‍ മാടമ്ബിന്റെ ഗുരു. ജയറാം നായകനായ 2006ല്‍ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തില്‍ ആനയെ ചികിത്സിക്കുന്ന വൈദ്യനായി മാടമ്പ് വേഷമിട്ടിട്ടുണ്ട്.
തിന്നാന്‍ കൊടുത്താലും ഉപദ്രവിച്ചാലും ആന മറക്കില്ല. ആനപ്രേമികളുടെ സംശയങ്ങള്‍ തീര്‍ത്ത് മാടമ്പ് പറഞ്ഞു. ഗന്ധം കൊണ്ടാണ് ആന മനുഷ്യന് ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിയുന്നത്. മൂന്ന് നാഴിക അകലെയുള്ള ഗന്ധം വരെ അവയ്ക്ക് മനസ്സിലാക്കാന്‍ കഴിയും. ഉത്സവ സമയത്ത് ആനകള്‍ ചെവിയാട്ടി മേളം ആസ്വദിക്കുകയല്ല. മറിച്ച് ചൂടിനെ അകറ്റുകയാണ്. ഒരു മനുഷ്യന് വേണ്ട സമയത്തോളം ആനയും ഉറങ്ങണം. എന്നാല്‍ അത് ആനകള്‍ക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആനകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭയമുള്ളത് ഇല്ലിമുളകളെയാണ്. അതിന്റെ പിന്നാമ്പുറത്ത് നിന്നാല്‍ ഒന്നും ചെയ്യില്ല. ആന ചികിത്സ സംബന്ധിച്ച തിരുമംഗലത്ത് നീലകണ്ഠന് മൂസതിന്റെ മാതംഗലീലയെക്കുറിച്ചും മാടമ്പ് അന്ന് പരാമര്‍ശിച്ചിരുന്നു. മയക്കു വെടിയേല്‍ക്കുന്ന ആനകളില്‍ കൂടുതലും ചരിഞ്ഞിട്ടുണ്ട്. മരുന്നിന്റെ ഡോസിനെക്കുറിച്ച് വ്യക്തതയില്ലാതെ വെടിവയ്ക്കുന്നതാണ് കാരണം. ആനയെ കാണുമ്പോള്‍ത്തന്നെ മനസിലാക്കി വേണം ഡോസ് നിശ്ചയിക്കാന്‍. കാലിലോ മറ്റ് എവിടെയെങ്കിലുമോ വൃണങ്ങള്‍ ഇല്ലാത്ത ആനകളില്ല. തന്റെ നാടായ തൃശൂരില്‍ 50 ഒറ്റക്കണ്ണന്മാരെങ്കിലും കാണും.
സ്വാഭാവിക ലൈംഗിക ജീവിതം നിഷേധിക്കുന്നതാണ് മനുഷ്യന് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ആനക്കഥകളുടെയും അക്ഷയഖനിയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും ഉയരക്കേമനായിരുന്ന നാട്ടാന ചേങ്ങല്ലൂര് രംഗനാഥന്, കീരാങ്ങാട്ട് കേശവന്, ഗുരുവായൂര്‍ കേശവന്, പൂമുളളി ശേഖരന് അങ്ങനെ 19,20 നൂറ്റാണ്ടുകളില്‍ നമ്മുടെ കേരളത്തില്‍ ജീവിച്ചിരുന്ന വമ്പന്‍ ഗജരാജാക്കന്മാരുടെ നൂറ് നൂറ് കഥകള്‍ അദ്ദേഹം രസാവഹമായി പറഞ്ഞുതന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: