ആലപ്പുഴ: കേരള വിപ്ലവ രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന താരകം. കേരളസമൂഹം സ്ത്രികള്‍ക്കായി വരച്ചിട്ട ലക്ഷമണ രേഖ മറികടന്ന് വിപ്ലവ പ്രസ്ഥാനത്തിലേക്ക് എടുത്ത് ചാടിയവള്‍. അവസാനം വരെ വിപ്ളവ കനല് ഉള്ളില്‍ സുക്ഷിച്ചവള്‍. മുന്നോട്ട് വെച്ച കാല് പിന്നോട്ടില്ല, പറഞ്ഞ വാക്ക് വിഴുങ്ങില്ല, ചെയ്ത കാര്യം നിഷേധിക്കില്ല. ഇതായിരുന്നു കളത്തിപറമ്പില്‍ രാമന് മകള്‍ ഗൗരിയമ്മ.
പാര്‍ട്ടിയിലെ സവര്‍ണ്ണ വിഭാഗത്തിന്റെ തുടരെ തുടരെയുള്ള അവഗണനക്കെതിരെ പോരാടിയ ഒറ്റയാള്‍ പട്ടാളം. തന്നെ മുന്‍ നിര്‍ത്തി ഒരോ തെരഞ്ഞെടുപ്പും വിജയിച്ച ശേഷം അവഗണിക്കുന്ന പാര്‍ട്ടി തന്ത്രത്തിന് മുമ്പില്‍ നാവടക്കി നിന്ന അച്ചടക്കമുള്ള പ്രവര്‍ത്തക. അതിസാഹസികവും, ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങളിലുടെയും പാര്‍ട്ടിയില്‍ സ്വന്തം ഇരിപ്പടം കണ്ടെത്തുകയായിരുന്നു അവര്‍.
യുവത്വത്തിന്റെ ചോരയും നീരുമെല്ലാം പാര്‍ട്ടിക്കായി സമര്‍പ്പിച്ച ശേഷം കറിവേപ്പിലപ്പോലെ ഒഴിവാക്കപ്പെട്ടു. പുതുവത്സര സമ്മാനം പോലെ പുറത്താക്കല്‍ തിട്ടൂരം കൈപറ്റി. 1993 ഡിസംബര്‍ 31 ന് ഗൗരിയമ്മയെ പുറത്താക്കി. അച്ചടക്കം ലംഘിച്ചു, പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു, പാര്‍ട്ടിയുടെ എതിരാളികളുമായി ചങ്ങാത്തംകൂടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയായിരുന്നു കുറ്റങ്ങള്‍. അതോടെ 46 വര്‍ഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ചു.
ഓരോ തവണ ഗൗരിയമ്മ മന്ത്രിയാകുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ ശത്രുക്കളുടെ എണ്ണം ഏറുകയായിരുന്നു. വഴിവിട്ട കാര്യസാധ്യത്തിനായി തന്നെ സമീപിച്ചവരില്‍ ഏറെയും മറ്റുള്ളവരല്ല, പാര്ട്ടിക്കാര് തന്നെയായിരുന്നുവെന്നതിന് തെളിവായിരുന്നു പാര്‍ട്ടിയിലെ ശത്രുക്കളുടെ എണ്ണം വ്യക്തമാക്കുന്നത്. ഗൗരിയമ്മയുടെ ആരെയും കൂസാത്ത തന്റെടവും, തുറന്നു പറച്ചിലും പാര്‍ട്ടിയില്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിക്ക് അതീതമായ കാഴ്ചപാട് വെച്ച് പുലര്‍ത്തിയിരുന്ന ഗൗരിയമ്മ പലപ്പോഴും പാര്‍ട്ടിയിലെ വമ്പന്മാരുടെ കണ്ണിലെ കരടായിരുന്നു. നിയന്ത്രിക്കുവാനോ, പാര്‍ട്ടിയുടെ പരിമിത പരിധിക്കുള്ളില്‍ അവരെ നിര്‍ത്തുവാനോ ആര്‍ക്കും സാധിക്കുമായിരുന്നില്ല. മുഖത്തടിക്കുംപോലുള്ള, കുറിക്കുകൊള്ളുന്ന മറുപടികള്‍ പല നേതാക്കളേയും അസ്വസ്ഥരാക്കി.
മികച്ച സാമാജികയ്ക്കുള്ള അവാര്‍ഡു നേടിയ ഗൗരിയമ്മക്ക് സ്വന്തം മണ്ഡലത്തിലേര്പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. മാക്ഡെവല്‍ കമ്പനിയിലെ തൊഴിലാളി സംഘടനാ നേതൃസ്ഥാനം ഒഴിയണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.
അതിനിടെ സിപിഎമ്മിന്റെ മുഖ്യശത്രുകൂടിയായ മന്ത്രി എം.വി. രാഘവന് ആലപ്പുഴ ജീല്ലാ സമഗ്ര വികസന യോഗം വിളിച്ചു. എംഎല്‍എ എന്നനിലയില്‍ ഗൗരിയമ്മ പങ്കെടുത്തു. യോഗം ഗൗരിയമ്മയെ ഏകകണ്ഠമായി വികസനസമിതി ചെയര്‍പേഴ്സണ്‍ ആക്കി. സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടി നിര്‍ദേശം അവര്‍ നിരസിച്ചു. ഇത് പുറത്താക്കലിന് ആക്കംകൂട്ടി.
പരുക്കന്‍ സ്വഭാവമാണെങ്കിലും അവരുടെ വാത്സല്യവും സ്നേഹവും അനുഭവിക്കാത്തവര്‍ ചുരുക്കം. ഇത് രാഷ്ട്രീയത്തിനതീതവുമായിരുന്നു. ഒരു പക്ഷേ ഇത്രയധികം ഇച്ഛാശക്തിയും,സത്യസദ്ധതയും പുലര്‍ത്തിയ ഒരു വനിത കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ടാകില്ല.
കടുത്ത കമ്മ്യുണിസ്റ്റായിരിക്കുമ്പോഴും ഭരണ നിര്‍വഹണത്തില്‍ അവര്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ല. സാധാരണക്കാരന്റെ പ്രശനങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നതില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഉദ്യോഗസ്ഥ മുഷ്ക്ക് മുട്ടുമടക്കിയത് ഗൗരിയമ്മക്ക് മുമ്പില്‍ മാത്രം. ഫയലുകള്‍ ക്യത്യമായി നീങ്ങിയിരുന്നതും ഇതിനുദാഹരണം. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന വെറുമൊരു പാവയാകാന്‍ ഗൗരിയമ്മ ഒരിക്കലും നിന്നുകൊടുത്തിട്ടില്ല.
പണമൊഴുക്കി, കാടിളക്കി പ്രചരണം ഗൗരിയമ്മക്കില്ലായിരുന്നു. അരൂരിനെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു. ചുവപ്പു കോട്ടയല്ലാത്ത അരൂര്‍ ഗൗരിയമ്മ മത്സരിക്കുന്നതോടെ ചുവപ്പ് അണിയുകയാണ് പതിവ.് ചെറുകുടുംബയോഗങ്ങള് വിളിച്ചുകൂട്ടും. അവിടെയെത്തി കുശലം പറഞ്ഞും, ഓരോരുത്തരേയും പേരെടുത്തു വിളിച്ചും, വിശേഷങ്ങള്‍ തിരക്കിയും അവര്‍ മടങ്ങും. വോട്ടുപോലും ചോദിക്കില്ലായിരുന്നു. ഇതായിരുന്നു ഗൗരിയമ്മയുടെ ശൈലി.
കെ എ അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: