ലോകമെമ്പാടും കൊവിഡ് മഹാമാരി മരണനൃത്തമാടുന്ന വാര്‍ത്തകള്‍ കേട്ട് മനുഷ്യരുടെ കാതുകള്‍ തഴമ്പിച്ചിരിക്കെയാണ് ആശ്വാസവും പ്രതീക്ഷയും നല്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്. ഡിആര്‍ഡിഒ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍സ് ആന്‍ഡ് അലൈഡ് സയന്‍സ് ലാബ് ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്ട്രോള് ഓഫ് ഇന്ത്യ അനുമതി നല്കിയിരിക്കുന്നു. 2020 ഏപ്രിലില്‍ വികസിപ്പിക്കാന്‍ തുടങ്ങിയ മരുന്നിന്റെ മൂന്നുഘട്ട പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുകയും, രോഗികള്‍ വേഗം സുഖപ്പെടുന്നതായി കണ്ടെത്തുകയും ചെയ്തതോടെയാണ് ഉപയോഗിക്കാന്‍ അടിയന്തര അനുമതി നല്‍കിയത്. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന പേരിലുള്ള ഈ മരുന്ന് കൊവിഡ് ബാധിച്ച കോശങ്ങളെ പൊതിഞ്ഞ് നിര്‍വീര്യമാക്കുന്നു. മറ്റ് കോശങ്ങളെ ബാധിക്കാത്തത് ഈ മരുന്നിന്റെ സവിശേഷതയാണ്. പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തോടെ കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഒരിക്കല്‍ക്കൂടി ഭാരതത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പത്തിന്റെ ഐതിഹാസികമായ സാക്ഷാല്‍ക്കാരങ്ങളില്‍ ഒന്നാണ് ഡിആര്‍ഡിഒയുടെ കണ്ടുപിടുത്തം.
പ്രതിരോധ മരുന്നല്ല, മരുന്നാണ് 2-ഡിജി എന്നതാണ് ഏറ്റവും പ്രധാന കാര്യം. ഗ്ലൂക്കോസിന്റെ രൂപത്തില്‍ ചെറിയ പാക്കറ്റുകളിലായി ലഭിക്കുന്ന ഈ മരുന്നിന് പ്രതിരോധ മരുന്ന് കുത്തിവയ്ക്കുന്നതിന്റെ സങ്കീര്‍ണതകളോ കാലതാമസമോ ഇല്ല. പച്ചവെള്ളത്തില്‍ കലക്കി കുടിക്കാം. മൂന്നു ദിവസത്തിനകം രോഗബാധിതന് ആരോഗ്യം വീണ്ടെടുക്കും. പാര്‍ശ്വഫലങ്ങളില്ല. മരുന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതും വലിയ അനുഗ്രഹമാണ്. സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനും കഴിയും. പ്രതിരോധ മരുന്നുകളെയായിരുന്നു ഇതുവരെ കൊവിഡിനെതിരെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന വൈറസിന്റെ വകഭേദങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ഇവയെ നേരിടാന്‍ പല വാക്സിനുകള്‍ക്കും കഴിയാതെ പോവുകയും ചെയ്തത് ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തി. ഇതിനിടെ, രോഗികളെ നേരിട്ട് ചികിത്സിച്ച് സുഖപ്പെടുത്താവുന്ന ഈ മരുന്ന് കണ്ടുപിടിച്ച ചരിത്ര നേട്ടം ലോകത്തിനു മുഴുവന്‍ ആശ്വാസം പകരും.
കൊവിഡിന്റെ ഒന്നാംഘട്ട വ്യാപനത്തെ പിടിച്ചുകെട്ടാന്‍ ഭാരതത്തിന് കഴിഞ്ഞിരുന്നു. കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ വാക്സിനുകള്‍ സ്വന്തമായി നിര്‍മിച്ചും ഭാരതം നേട്ടം കൈവരിച്ചു. എന്നാല്‍ 130 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് കൊവിഡിന്റെ തീവ്രവ്യാപന ശേഷിയുള്ള രണ്ടാംതരംഗം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സൗകര്യങ്ങളുടെ ലഭ്യത പ്രശ്നമാണ്. മെഡിക്കല്‍ ഓക്സിജനു പകരമാകാന്‍ പുതിയ മരുന്നിന് കഴിയുമെന്ന് തെളിഞ്ഞിട്ടുള്ളത് അനുഗ്രഹം തന്നെയായി കരുതാം. രണ്ടാം തരംഗത്തില്‍ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാവുന്നത് രാജ്യത്തെ ഭരണ സംവിധാനത്തെ കുറ്റപ്പെടുത്താനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ കടന്നാക്രമിക്കാനും ചില വ്യക്തികളും ശക്തികളും ഉപയോഗിക്കുകയാണ്. രാജ്യാന്തര മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ, പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം തികച്ചും ദുരുപദിഷ്ടമായേ കാണാനാവൂ. രാജ്യത്തിനകത്തും ചില വ്യക്തികള്‍ വിമര്‍ശനവുമായി രംഗത്തുവരുന്നതിനു പിന്നില്‍ വൈദേശികമായ താല്‍പ്പര്യങ്ങളുണ്ട്. രാഷ്ട്രീയ പ്രേരിതമായ ഈ വിമര്‍ശനങ്ങള്‍ രാഷ്ട്രത്തെ അപകീര്‍ത്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. ലോകത്തിലാദ്യമായി കൊവിഡിനെ പിടിച്ചുകെട്ടാനുള്ള മരുന്ന് കണ്ടെത്തിയതില്‍ ഓരോ പൗരനും അഭിമാനിക്കാം. മാനവരാശിക്ക് ആശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: