തുളസി കോട്ടുക്കല്‍
മരണം നിസ്തുല വ്യക്തിത്വത്തിനുമേല്‍ കാലം സമര്‍പ്പിക്കുന്ന പൂമാലയാണ്. കാലത്തിന്റെ കര്‍മ മണ്ഡലങ്ങളില്‍ വ്യക്തി ഭദ്രതയോടെ നിറഞ്ഞുനിന്ന സര്‍പ്രതിഭകള്‍ എക്കാലവും നക്ഷത്രശോഭയോടെ തെളിഞ്ഞുനില്ക്കും. കഥകേട്ട് കഥകള്‍ കേട്ട്, ഉറക്കത്തിന്റെ പടവുകളിലേക്ക്, നക്ഷത്രങ്ങള്‍ പൂക്കുന്ന ആകാശ പുഷ്പവാടിയിലേക്ക് കുഞ്ഞുമനസ്സുകളെ നയിച്ച സുമംഗല എന്ന അപൂര്‍വ സാന്നിധ്യം ഇനി നമ്മുടെ മനസ്സുകളില്‍ മാത്രം. പ്രഭാതത്തില്‍ വിടരുന്ന പൂക്കളില്‍ വീഴുന്ന മഞ്ഞുതുള്ളികള്‍ പോലെ കുരുന്നു മനസ്സുകളെ തൊട്ടുണര്‍ത്തുന്ന അനര്‍ഗ ശബ്ദം ഇനി നമുക്ക് ഓര്‍മകളില്‍ മാത്രം!
കഴിഞ്ഞ കാലങ്ങളിലെ ചില സംഭവങ്ങള്‍ എന്റെ മനസ്സില്‍ തെളിഞ്ഞുവരുന്നു. ‘മേല്‍ മണല്‍ പെടും നിഴല്‍പോലെ’ എന്ന് ആശാന് പറഞ്ഞതുപോലെ തെളിഞ്ഞുവരുന്നത്, മലയാള സാഹിത്യത്തില്‍ കുഞ്ഞുമനസ്സറിഞ്ഞ രണ്ട് അപൂര്‍വ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ചില ചിത്രങ്ങളാണ്. പ്രിയം നിറഞ്ഞ കുഞ്ഞുണ്ണി മാഷും സുമംഗല ചേച്ചിയുമാണ് ആ അപൂര്‍വ വ്യക്തിത്വങ്ങള്‍. രണ്ടുപേരുമായും അനവദ്യ സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞത് ജന്മഭാഗ്യമായി കരുതുന്നു.
കുഞ്ഞു മനസ്സുകളുടെ ആത്മാവിലേക്ക് സ്വന്തം ആത്മവത്തയെ സന്നിവേശിപ്പിക്കുന്ന സുമംഗല ചേച്ചിയെ ഞാന്‍ ആദ്യം കാണുന്നത് 1993 ലാണ്. ആ വര്‍ഷം, പുനലൂര്‍ ഹരിശ്രീ ബുക്സിനുവേണ്ടി സുമംഗല ചേച്ചി വാല്മീകി രാമായണത്തിന്റെ ഒരു സ്വതന്ത്ര വിവര്‍ത്തനം തയ്യാറാക്കുന്നു; ഹരിശ്രീ രാമായണം എന്ന പേരില്‍. സംഗതിവശാല്‍ ആ പുസ്തകത്തിന്റെ ഒന്നാം വോള്യത്തിന്റെ ആദ്യത്തെ കുറേ പേജിന്റെ കൈയെഴുത്തു കോപ്പി വാങ്ങുന്നതിന് ഞാനാണ് വടക്കാഞ്ചേരി മനയില്‍ ചെന്നത്. പരസ്പരം പരിചയപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ചേച്ചി എന്റെ പുസ്തകമായ കൃഷ്ണായനത്തെക്കുറിച്ച് സംസാരിച്ചു. കൃഷ്ണായനത്തിലെ രാധാമാധവ ബന്ധത്തിലെ ആദ്ധ്യാത്മിക ചേച്ചിക്കു നന്നേ ബോധിച്ചതെന്ന് അവര്‍ തുറന്നുപറഞ്ഞു. പുരാണത്തിലും ഇതിഹാസങ്ങളിലും ഉപനിഷത്തുകളിലും അഗാധപാണ്ഡിത്യം നേടിയ ചേച്ചിയുടെ അതിസൂക്ഷ്മ അവലോകനം എനിക്ക് ലഭിച്ച ആദ്യത്തെ ആസ്വാദനക്കുറിപ്പായിരുന്നു; കൃഷ്ണായനം എന്ന കൃതിക്കും. ഗൗരവബുദ്ധിയോടെ അനേ്വഷണത്തിനായി വേദങ്ങളിലേക്ക് കടന്നു ചെല്ലാനും എന്നെ പ്രേരിപ്പിച്ചത് ചേച്ചിയുടെ മിതവും സാരവത്തുമായ വാക്കുകളാണ്. ചേച്ചിയുമായി സംസാരിക്കുമ്പോഴാണ് ”മിതം ച സാരംച വചോഹിവാഗ്മിത” എന്ന ചൊല്ല് ഞാന്‍ ഓര്‍ക്കുന്നതും.
പിന്നെ ഒരു സന്ദര്‍ഭത്തില്‍ ചേച്ചി എന്നോട് ചോദിച്ചു കൃഷ്ണായനം പോലെ ഒരു പുസ്തകം രാമായണത്തിലെ അപൂര്‍വ വ്യക്തിത്വങ്ങളെ ആസ്പദമാക്കി എഴുതിക്കൂടെ എന്ന്. മനസ്സില്‍ നൂതനമായ ഒരാശയം വിടരുകയായിരുന്നു. അങ്ങനെ ഒരു പുസ്തകം എഴുതണമെങ്കില്‍ ആദ്യം വേണ്ടത് ‘കമ്പരാമായണം’ പഠിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. കമ്പ രാമായണത്തിലെ സീതയുടെ ജനനത്തെക്കുറിച്ചും, രാവണന് എന്ന കഥാപാത്രത്തെക്കുറിച്ചും നൂതനമായ ഒരു അവബോധം എന്നില്‍ സൃഷ്ടിക്കാന്‍ ചേച്ചിക്കു കഴിഞ്ഞു. ആ പ്രചോദനമാണ് മലയാളരാമായണം എന്ന എന്റെ പുസ്തകം. രാവണന്റെ മകളായി സീതയെ അവരോധിക്കുന്ന ആ ഗ്രന്ഥത്തിന്റെ അലകും പിടിയും ചേച്ചിയുടെ നിര്‍ദ്ദേശത്തില്‍ രൂപപ്പെട്ടതുതന്നെ. മറ്റുള്ളവര്‍ക്ക് പ്രചോദനവും പ്രേരണയും നല്കാന് കഴിവതും ശ്രദ്ധിച്ചിരുന്നു ചേച്ചി എന്നത് അസാധാരണമായ മനോഭാവമായി ഞാന്‍ കാണുന്നു.
‘ബാലസാഹിത്യം’ എങ്ങനെയാവണമെന്ന് തികഞ്ഞ ബോധം ഈ എഴുത്തുകാരിക്കുണ്ടായിരുന്നു. ”പറഞ്ഞ വാക്ക് ആന വലിച്ചാലും പോരില്ല” എന്നു ചേച്ചി പറയാറുണ്ട്. അതിനാല്‍ കുഞ്ഞുമനസ്സുകള്‍ക്കെഴുതുമ്പോള്‍ ഓരോ വാക്കും അളന്നുതൂക്കി കൃത്യമായി വയ്ക്കണം. അപ്പോള്‍ അതില്‍ നിന്നു നക്ഷത്രങ്ങള്‍ പൂക്കും. കുട്ടികള്‍ക്കു വേണ്ടി സാഹിത്യം ആവിഷ്കരിക്കുമ്പോള്‍ യുക്തിയുടെ കാര്‍ക്കശ്യത്തിനും സംഭവ്യതാദി കാര്യങ്ങള്‍ക്കും അതില്‍ വേണ്ടത്ര കടുംപിടുത്തം വേണ്ടെന്ന പക്ഷക്കാരിയാണ് സുമംഗലചേച്ചി. അവരുടെ ‘കഥകേട്ടുറങ്ങാം’ മിഠായിപ്പൊതി എന്നീ ഗ്രന്ഥങ്ങളിലെ കഥകള്‍ മാത്രം മതി ഈ അഭിപ്രായത്തിന്റെ സാധൂകരണത്തിന്. പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അപാരമേഖലകളില്‍ വിഹരിച്ച് അവിടെനിന്നു ലഭിക്കുന്ന ദര്‍ശനങ്ങളുടെ മുത്തുകള്‍ കുഞ്ഞുമനസ്സുകള്‍ക്ക് കാഴ്ചവയ്ക്കാനായിരുന്നല്ലോ ഈ കഥാകാരിയുടെ ശ്രമം. തികഞ്ഞ മാതൃത്വവും കിഞ്ഞ വാത്സല്യവും ഊര്‍ജമാവുമ്പോഴാണ് ഇത്തരം മുത്തുകള്‍ ഉന്മിഷത്താവുക. ‘ദര്‍ശന’മെന്നത് വ്യക്തിപ്രതിഭയുടെ സവിശേഷതയാണ്. ഈ ‘വ്യക്തിപ്രതിഭ’ കഥാകാരിക്കു ലഭിച്ചത് പുരാണത്തില്‍ നിന്നും ഇതിഹാസങ്ങളില്‍ നിന്നുമാണ്. പുരാണത്തിലെയും ഇതിഹാസത്തിലെയും അനവദ്യനിമിഷങ്ങള്‍ വെറുതെ ആവിഷ്കരിക്കുകയായിരുന്നില്ല എഴുത്തുകാരി. തന്റെവാക്കുകള്‍ രുചിക്കുന്ന ഓരോ കുഞ്ഞും ചില മാതൃകകള്‍ ഉള്‍ക്കൊള്ളണമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ”ദാനം ചെയ്യുക, മര്യാദയോടെ പെരുമാറുക, മനസ്സില്‍ ശാന്തതയുണ്ടാവുക, കഷ്ടപ്പാട് അനുഭവിക്കുന്നവരോട് ദയ തോന്നുക, ഒരു പ്രാണിയേയും ഹിംസിക്കാതിരിക്കുക, എല്ലാവരോടും ക്ഷമിക്കുക, ഒരിക്കലും കോപിക്കാതിരിക്കുക ദേഹവും മനസ്സും ശുചിയാക്കി വയ്ക്കുക” (കഥകേട്ടുറങ്ങാം: രണ്ടാമത്തെ കഥ) തുടങ്ങിയ ദാര്‍ശനിക മൂല്യങ്ങള്‍ കുഞ്ഞുങ്ങളില്‍ വളര്‍ത്താനായിരുന്നു ഈ എഴുത്തുകാരി അവരുടെ കഥകളിലൂടെ ശ്രദ്ധിച്ചതും, ശ്രമിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: