തിരുവനന്തപുരം: മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാതെ കേരളത്തില്‍ ഗുരുതര സാഹചര്യം. കൊവിഡ് മരണങ്ങള് കൂടിയതോടെ സംസ്ഥാനത്തു ശ്മശാനങ്ങള്‍ നിറയുകയാണ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ സംസ്കാരം നടത്താന്‍ ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍. ശാന്തികവാടത്തില്‍ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം രണ്ടിരട്ടി വര്‍ധിച്ചു. കാട്ടാക്കട മാറനല്ലൂര്‍ പഞ്ചായത്തിലെ മാറനല്ലൂര്‍ ശ്മശാനത്തിലും സമാനമായ സ്ഥിതിയാണ്. ജില്ലയിലെ മോര്‍ച്ചറികള്‍ നിറഞ്ഞതോടെ കൂടുതല്‍ മൃതദേഹങ്ങള്‍ എവിടെ സൂക്ഷിക്കുമെന്ന ആശങ്ക വര്‍ധിക്കുന്നു.
ഇലക്ട്രിക്, ഗ്യാസ് ശ്മശാനങ്ങളിലായി പരമാവധി 27 പേരെ ഒരു ദിവസം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിക്കാം. കൊവിഡ് ബാധിച്ച് മരിച്ചവരെ മാത്രമാണ് ഇവിടെ സംസ്കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയുന്നില്ല. നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നതിനാല്‍ യന്ത്രം പണിമുടക്കുന്നുണ്ട്. കൊവിഡ് രോഗവ്യാപനം തീവ്രമായതോടെ മരണ നിരക്കും കൂടി. ഇവരില്‍ മിക്കവരെയും ശ്മശാനങ്ങളിലാണ് സംസ്കരിക്കുന്നത്. ഇതാണ് തിരക്ക് കൂടാന്‍ കാരണമെന്നാണ് വിശദീകരണം. മൃതദേഹം സംസ്കരിക്കാന്‍ ശനിയാഴ്ച വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. മൃതദേഹങ്ങള്‍ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാകില്ല. കാരണം മോര്‍ച്ചറികള്‍ നിറഞ്ഞു. മരണ നിരക്ക് ഉയര്‍ന്നാല്‍ സംസ്കാരം എങ്ങനെയെന്ന ആശങ്കയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍.
കൊച്ചിയിലും ശ്മശാനങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണെന്ന് മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു. പാലക്കാട് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ സംസ്കാരങ്ങളുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചുവരികയാണ്. വൈദ്യുതി ശ്മശാനത്തില്‍ പ്രതിദിനം ശരാശരി പത്തു മൃതദേഹങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. കൊവിഡില്ലാത്ത മൃതദേഹങ്ങള്‍ ഒഴിവാക്കേണ്ടി വരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഷൊര്‍ണൂര്‍ ശാന്തി തീരത്തും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നുണ്ട്. 20 മൃതദേഹങ്ങള്‍ വരെ ഇവിടെ സംസ്കരിക്കുന്നു.
തൃശൂരിലെ ലാലൂര്‍ ശ്മശാനത്തില്‍ ആശങ്കപ്പെടുന്ന തരത്തില്‍ തിരക്കില്ല. ദിവസം 8 മുതല്‍ 10 വരെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നു. എണ്ണം കൂടിയാല്‍ കാത്തിരിക്കേണ്ട സ്ഥിതി വരുമെന്ന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: