പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ മൂന്നാംഘട്ടത്തില്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യം അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. മെയ്-ജൂണ്‍ മാസങ്ങളിലായി 80 കോടിയോളം ഗുണഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവഴി ഒരാള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം അധികമായി ലഭിക്കും. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്കുള്ള അരി, ഗോതമ്പ് വിഹിതം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തീരുമാനിക്കും. ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്തും, ആവശ്യകത മുന്‍നിര്‍ത്തിയും, കാലവര്‍ഷവും ചുഴലിക്കാറ്റുംപോലുള്ള പ്രതികൂല കാലാവസ്ഥയിലും വിതരണ കാലയളവ് നീട്ടുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും. രണ്ട് മാസത്തേക്കുള്ള ഇപ്പോഴത്തെ അധിക ഭക്ഷ്യവിതരണത്തിന് 25332 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും, ദരിദ്രര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അധിക ഭക്ഷ്യധാന്യംകൊണ്ട് പരിഹരിക്കും. ഒരു ദരിദ്ര കുടുംബവും ഭക്ഷണമില്ലാതെ വിഷമിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം വീണ്ടും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കാരണം.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിനും വലിയ നേട്ടമാണ് ഈ ഭക്ഷ്യവിതരണത്തിലൂടെ ഉണ്ടാവുക. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജനയുടെ ആദ്യഘട്ടത്തില്‍ സൗജന്യ വിതരണത്തിനായി രണ്ടരലക്ഷത്തോളം മെട്രിക് ടണ്‍ കേരളത്തിന് ലഭിക്കുകയുണ്ടായി. കഴിഞ്ഞവര്‍ഷം ജൂലായ് മാസത്തില്‍ ആരംഭിച്ച ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും കേരളത്തിന് അരിയും ഗോതമ്പും സൗജന്യമായി അനുവദിച്ചു. കഷ്ടപ്പെടുന്ന ജനങ്ങളോടുള്ള കരുതലാണ് ഇങ്ങനെ കലവറയില്ലാതെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിച്ചുകൊടുത്തത്. പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഈ സഹായം ശരിയായി വിനിയോഗിച്ചപ്പോള്‍ കേരളം അതിന് അപവാദമായി. കേന്ദ്രം സൗജന്യമായി നല്കിയ അരിയും ഗോതമ്പും കടലയുമൊക്കെ വിതരണം ചെയ്യാതെ പദ്ധതിയുടെ കാലാവധി അവസാനിച്ചിട്ടും ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയായിരുന്നു. ഒരു ജില്ലയില്‍ ശരാശരി 60 ലോഡ് അരിയെങ്കിലും വിതരണം ചെയ്തില്ല. ഒരു ലോഡ് 10000 കിലോഗ്രാം അരിവരും എന്നറിയുമ്പോള്‍ ഈ അനാസ്ഥയുടെ ജനവിരുദ്ധത മനസ്സിലാവും.
കേന്ദ്ര സര്‍ക്കാരിനോടുള്ള രാഷ്ട്രീയ വിരോധം മൂലം ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചത്. കേന്ദ്രം നല്കിയ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്താല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കണ്ടാണ് പദ്ധതി അട്ടിമറിച്ചത്. ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരുന്നു ഇത്. റേഷന്‍ കടകളില്‍ എത്തിക്കാതിരുന്ന കടലയും ഗോതമ്പുമൊക്കെ ഗോഡൗണുകളില്‍ കിടന്ന് പൂപ്പല്‍ ബാധിച്ച് ഉപയോഗ ശൂന്യമായി. അതേസമയം സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റില്‍ കടലയും പയറും തികയാതെ വന്നപ്പോള്‍ കേന്ദ്രം നല്‍കിയത് എടുക്കുകയും ചെയ്തു. മോദി സര്‍ക്കാര്‍ ജനങ്ങളുടെ വിശപ്പു മാറ്റാന്‍ നോക്കുമ്പോഴും അതനുവദിക്കില്ലെന്ന സമീപനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇപ്പോള്‍ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം മൂന്നാം ഘട്ടത്തിലും ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമ്പോള്‍ പുതുതായി അധികാരമേല്‍ക്കുന്ന പിണറായി സര്‍ക്കാര്‍ എന്തു സമീപനമാണ് സ്വീകരിക്കുകയെന്ന് നോക്കാം. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യംപോലെ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍നിന്ന് മറ്റൊരു കാര്യവും വ്യക്തമാണ്. കര്‍ഷകസമരമെന്ന പേരില്‍ രാജ്യത്തു നടന്ന പ്രതിഷേധങ്ങള്‍ നമ്മുടെ ഭക്ഷ്യോല്പ്പാദനത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. ഭക്ഷ്യ ഗോഡൗണുകള്‍ നിറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: