ന്യൂദല്‍ഹി: ഐപിഎല്ലിന്റെ ഭാഗമായ ഓസ്ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി മാല്‍ദ്വീപിലെത്തി. ഇന്ത്യയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാകാത്തതിനാലാണ് മാല്‍ദ്വീപിലേക്ക് പോയത്. നിശ്ചിത ദിവസത്തെ ക്വാറന്റൈന് ശേഷമാകും ഓസ്ട്രേലിയയിലേക്ക് യാത്രയാകുക.
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് പരിശീലകന് മൈക്കിള്‍ ഹസിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ദല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റി. ചെന്നൈയുടെ ബാറ്റിങ് പരിശീലകനൊപ്പം ബൗളിങ് പരിശീലകന് ലക്ഷ്മിപതി ബാലാജിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും ഹെലികോപ്റ്റര്‍ സഹായത്തോടെയാണ് ചെന്നൈയലെത്തിച്ചത്.
ഹസിക്ക് കൊറോണ നെഗറ്റീവാകാതെ ഓസ്ട്രേലിയയിലേക്ക് മടങ്ങാനാകില്ല. ഹസിക്കും ബാലാജിക്കും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് ചെന്നൈയിലേക്ക് മാറ്റിയതെന്ന് ചെന്നൈ ടീം അധികൃതര്‍ അറിയിച്ചു. ഐപിഎല്‍ റദ്ദാക്കി ദിവസങ്ങള്‍ക്കകം ഓസീസ് താരങ്ങള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കിയ ബിസിസിഐക്ക് നന്ദിയറിയിക്കുന്നതായി ക്രിക്കറ്റ് ഓസ്ട്രേലിയയും വ്യക്തമാക്കി. ചെന്നൈ നായകന് എം.എസ്. ധോണി നാട്ടിലേക്ക് മടങ്ങിയിട്ടില്ല. ടീമിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി നാട്ടിലെത്തിയ ശേഷമാകും ധോണി മടങ്ങുകയെന്ന് ടീം അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: