തിരുവനന്തപുരം: അധികാരം ഏല്‍ക്കുംമുമ്പ് പിണറായി സര്‍ക്കാര്‍ പണി തുടങ്ങി. വാക്സിന് ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്നും തുക നല്‍കണമെന്ന അപ്രഖ്യാപിത സാലറി ചലഞ്ചിന് നിര്‍ദ്ദേശം. സര്‍ക്കാര്‍ നേരിട്ട് ശമ്പളത്തില്‍ നിന്നും പണം സ്വരൂപിക്കാതെ ഇടതുയൂണിയന്‍ നേതാക്കളെയാണ് ഇതിലേയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഓരോ വകുപ്പിനും പിരിക്കേണ്ട തുകയുടെ ലക്ഷ്യവും നല്‍കിയിട്ടുണ്ട്.
ശമ്പളത്തില്‍ നിന്നും തുക പിടിക്കുന്നതിനായി ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണം. ജോലിചെയ്യുന്ന ഓഫീസ്, പേര്, തസ്തിക, വാക്സിന് ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്നും ഗഡുക്കളായി അല്ലെങ്കില്‍ ഇത്ര ദിവസത്തെ ശമ്പള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് സമ്മതിച്ചുകൊള്ളുന്നു എന്ന സത്യവാങ്മൂലമാണ് നല്‍കേണ്ടത്. ഇതിലേയ്ക്കായി പ്രത്യേക ഫോറവും യൂണിയന് നേതാക്കള്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഭീഷണിയുടെ സ്വരത്തിലാണ് വാക്സിന് ചലഞ്ചിന്റെ ഭാഗമാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ ചോദ്യം ചെയ്യാതെ പറയുന്നത് ചെയ്യണം എന്ന നിലപാടിലാണ് ഇടത് സര്‍വ്വീസ് സംഘടനാ യൂണിയന് നേതാക്കള്‍. വനിതാ ജീവനക്കാരോട് പറയുന്ന തുക നല്‍കിയില്ലെങ്കില്‍ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നു.
അടുത്ത മാസം പൊതു സ്ഥലംമാറ്റത്തിന്റെ സമയമായതിനാല്‍ എതിര്‍വാക്കില്ലാതെ ജീവനക്കാര്‍ സത്യവാങ്മൂലത്തില്‍ ഒപ്പിട്ടുനല്കുന്നു. വകുപ്പിലെ ഓഫീസര്‍മാര്‍ക്കാണ് തുക പിരിച്ചു കൊടുക്കേണ്ട ചുമതല. ഓഫീസര്‍മാരോടും പരാതി പറയാനാകില്ല. കെജിഒഎയുടെ നേതാക്കളാണ് മേധാവികള്‍. അതിനാല്‍ അനുസരിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. എന്നാല്‍ സ്ഥലം മാറ്റം ഇല്ലാത്തതിനാല്‍ എയ്ഡഡ് സ്കൂളിലെ ജീവനക്കാരോട് തുക ആവശ്യപ്പെട്ടിട്ടില്ല.
സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ ജോലി ചെയ്യുന്നില്ലെങ്കിലും ഇടത് യൂണിയന് നേതാക്കള്‍ പണം പിരിക്കുന്നതിനായി പോലീസിനെ കബളിപ്പിച്ച് ഓഫീസില്‍ എത്തുന്നുണ്ട്.
പ്രളയകാലത്ത് നിര്‍ബ്ബന്ധിത സാലറി ചലഞ്ച് നടപ്പിലാക്കാന്‍ ശ്രമിച്ചത് എന്‍ജിഒ സംഘിന്റെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി തടഞ്ഞു. എന്നാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ജീവനക്കാരുടെ സമ്മത പത്രത്തോടെ തിരികെ നല്‍കുമെന്ന ഉറപ്പില്‍ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി സര്‍ക്കാര്‍ പിടിച്ചിരുന്നു. പിന്നീട് പിഎഫില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും സര്‍വ്വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മെയ് മാസം തിരികെ നല്‍കാമെന്ന് അറിയിച്ചു. സാലറി ചലഞ്ചില്‍ പിടിച്ച തുക തിരികെ നല്കുന്ന തക്കം നോക്കിയാണ് അടുത്ത പിരിവ് തുടങ്ങിയത്.
18 മുതല്‍ 45 വരെയുള്ളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എഴുപത് ലക്ഷം വാക്സിന് ഏകദേശം 280 കോടിയില്‍ അധികം രൂപ വേണ്ടി വരും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപനം നടത്തിയെങ്കിലും ഖജനാവില്‍ പണം ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: