ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ആരംഭിച്ച അക്രമങ്ങളില്‍ പശ്ചിമബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മിഡ്നാപൂരില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് റിപ്പോര്‍ട്ട് ചോദിച്ചത്. ബംഗാളില്‍നിന്ന് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല കത്ത് നല്‍കിയിരുന്നു.
ബുധാനാഴ്ച ഇക്കാര്യം ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുകയും ചെയ്തു. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് ഗവര്‍ണറോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. ബംഗാളിലെ അക്രമങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്ത് വ്യാഴാഴ്ച നാലംഗ സംഘത്തെ ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയെന്ന ദൗത്യത്തോടെ അഡീഷണല്‍ സെക്രട്ടറി തല ഉദ്യോഗസ്ഥന് നേതൃത്വം നല്കുന്ന സംഘം കൊല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ടും കേന്ദ്രസംഘം തയ്യാറാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: