വാഷിങ്ടണ്‍ : കോവിഡ് വാക്‌സിന്റെ പേറ്റന്റ് താത്കാലികമായി ഒഴിവാക്കാനുള്ള തീരുമാനവുമായി അമേരിക്ക. കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഇതിലൂടോ കോടികള്‍ സമ്പാദിക്കുന്നെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് ജോ ബൈഡനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ മരുന്നു കമ്പനികളെ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ വാക്സിനുകള്‍ക്ക് പേറ്റന്റ് വേണ്ടെന്ന നിര്‍ദ്ദേശം ലോക വ്യാപാര സംഘടനയില്‍ ഉന്നയിക്കുമെന്ന് ജോ ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ ഇതിനെതിരെ വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
വ്യാപാരങ്ങള്‍ക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കോവിഡ് വാക്സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്‌ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണെന്നും കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തില്‍ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും അവര്‍ അറിയിച്ചു.
അതേസമയം വാര്‍ത്ത പുറത്തുവന്നത്തോടെ ഫൈസര്‍ അടക്കമുള്ള വാക്സീന്‍ കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു.ബൈഡന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണ്ണായക തീരുമാനമെന്നും ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. ഓഹരി മൂല്യം ഇടിഞ്ഞതോടെ തീരുമാനത്തിനെതിരെ വാക്സീന്‍ നിര്‍മാതാക്കളായ ഫൈസര്‍, മൊഡേണ എന്നിവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: