ദേശീയതലത്തില്‍ നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കേരളത്തിലും പശ്ചിമബംഗാളിലും അസമിലും യഥാക്രമം സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും നേതൃത്വം നല്‍കുന്ന മുന്നണികള്‍ക്ക് ഭരണത്തുടര്‍ച്ച ലഭിച്ചപ്പോള്‍, തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഭരണമുന്നണിക്ക് അധികാരം നഷ്ടമായി. കേരളത്തില്‍ ഇടതുമുന്നണിക്കും പശ്ചിമബംഗാളില്‍ തൃണമൂലിനും അധികാരം നഷ്ടമാകുമെന്ന ധാരണ പ്രബലമായിരുന്നു. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിന്റെ മുന്നേറ്റം വിജയത്തോടടുത്തില്ല. കേരളത്തില്‍ എന്‍ഡിഎയ്‌ക്കും യുഡിഎഫിനും നേരിട്ടത് കനത്ത പരാജയം തന്നെ.
ആദര്‍ശ രാഷ്‌ട്രീയത്തിന്റെ മാനദണ്ഡംകൊണ്ട് അളക്കുമ്പോള്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഭരണത്തിന് അനുകൂല ജനവിധി ലഭിക്കാന്‍ പാടുള്ളതല്ല. അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുരുപയോഗവുമൊക്കെക്കൊണ്ട് അങ്ങേയറ്റം പ്രതിച്ഛായ നശിച്ച ഒരു സര്‍ക്കാരായിരുന്നു ഇത്. പക്ഷേ ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ അതിശക്തമായ പ്രചാരണം യാഥാര്‍ത്ഥ്യങ്ങളെ മൂടിവച്ച് വലിയൊരു വിഭാഗം വോട്ടര്‍മാരുടെ അനുഭാവം നേടിയെടുക്കുന്നതില്‍ വിജയിച്ചു എന്നുവേണം കരുതാന്‍. സിപിഎമ്മല്ല, പിണറായി നേതൃത്വം നല്‍കിയ സര്‍ക്കാരാണ് ഈ പ്രചാരണം നയിച്ചത്. സത്യം ചെരുപ്പിടാന്‍ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിയിരിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഇത്.
രാജ്യം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് പശ്ചിമബംഗാളില്‍ നടന്നത്. പ്രചാരണത്തിലുടനീളം മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരാജയഭീതി പിടികൂടിയിരുന്നു. പലപ്പോഴും മുഖ്യമന്ത്രിയെന്ന നില മറന്ന് അവര്‍ പെരുമാറി. ജനങ്ങളുടെ അനുഭാവം നേടാന്‍ വളരെ തരംതാണ പ്രചാരണം നടത്താനും മമത മടിച്ചില്ല. നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടത് തൃണമൂലിന്റെ വലിയ വിജയത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റു നേടാനായ ബിജെപി ഇക്കുറി 75 ലേറെ സീറ്റുമായി ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. അപ്പോഴും ലക്ഷ്യമിട്ട ഉന്നതവിജയത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞ 40 ശതമാനം വോട്ട് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലനിര്‍ത്താനാവാത്തതും, ബിജെപി ബംഗാളിന്റെ അധികാരം പിടിക്കുന്നത് ഏതുവിധത്തിലും തടയാന്‍ കോണ്‍ഗ്രസ്സ്-ഇടതുപക്ഷ-ഇസ്ലാമിക സഖ്യം തങ്ങളുടെ വോട്ട് മമതയ്‌ക്ക് മറിച്ചതുമാണ് ഇപ്പോഴത്തെ ജനവിധിക്ക് പിന്നിലെന്ന് വ്യക്തമാണ്. കോണ്‍ഗ്രസ്സ്-ഇടതുസഖ്യം ഒരേയൊരു സീറ്റുമായി തകര്‍ന്നടിഞ്ഞതിന്റെ കാരണവും മറ്റൊന്നല്ല.
അസമിലും പുതുച്ചേരിയിലും അഭിമാനകരമായ വിജയമാണ് ബിജെപി കാഴ്ചവച്ചത്. അസമില്‍ സര്‍ബാനന്ദ സോനോവാള്‍ സര്‍ക്കാരിന് മികച്ച വിജയം നിലനിര്‍ത്താന്‍ കഴിഞ്ഞപ്പോള്‍, പുതുച്ചേരിയില്‍ ചരിത്രത്തിലാദ്യമായി അധികാരത്തിലെത്താനായത് ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ പ്രാധാന്യത്തിന് അടിവരയിടുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അസമില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ മുസ്ലിം വിഘടനവാദികളുമായി കോണ്‍ഗ്രസ്സ് പരസ്യമായി കൈകോര്‍ത്തു. ഈ സഖ്യത്തിന്റെ ഫലമായി കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കോണ്‍ഗ്രസ്സിന് നില മെച്ചപ്പെടുത്താനായെങ്കിലും ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുന്നത് തടയാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. പുതുച്ചേരിയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത് പതിറ്റാണ്ടുകളുടെ ദ്രാവിഡ രാഷ്‌ട്രീയത്തിന് ഒരു തിരുത്താണ്. തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ പരാജയം അപ്രതീക്ഷിതമല്ല. പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും പടലപ്പിണക്കങ്ങളും ജനങ്ങളെ വലിയ തോതില്‍ മടുപ്പിച്ചിരുന്നു. ഇതിനിടയിലും ബിജെപിക്ക് ചില സീറ്റുകള്‍ നേടാനായത് ശ്രദ്ധേയമാണ്. ചുരുക്കത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലും അധികാരത്തില്‍ വരുന്നവര്‍ക്ക് കൂടുതല്‍ ജനക്ഷേമ ഭരണം കാഴ്ചവയ്‌ക്കാനും, ക്രിയാത്മകമായ വിമര്‍ശനങ്ങളിലൂടെ പ്രതിപക്ഷത്തിന് ഇത് ഉറപ്പുവരുത്താനും കഴിയട്ടെയെന്ന് ആശംസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: