ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ടി.എസ്. ഏലിയറ്റ് ഖേദവും ആശങ്കയും പ്രകടിപ്പിച്ചു കൊണ്ട് ഇങ്ങനെ എഴുതി: ”സാമാന്യ ജനങ്ങള്‍ സ്വന്തം കാലഘട്ടത്തോട് മാത്രം വിധേയത്വം പുലര്‍ത്തുന്നു. അവര്‍ ജീവിച്ചിരിക്കുന്നവരുടെ കൃതികള്‍ മാത്രം വായിക്കുന്നു. ഭൂതകാലങ്ങളില്‍നിന്ന് ആളുകള്‍ ഇത്രയേറെ അകന്നുനില്ക്കുന്ന സങ്കുചിതമായ കാലഘട്ടം വേറെയില്ല.” മണ്മറഞ്ഞ പൂര്‍വ്വികരുടെ വലിയ മനസ്സുകള്‍ ജീവിതത്തെ എങ്ങനെ കണ്ടു, അറിഞ്ഞു എന്ന അറിവിനോടുള്ള വിമുഖത-ക്ലാസിക് കൃതികളിലുള്ള താല്‍പ്പര്യക്കുറവ്, സാംസ്കാരികമായ അപചയത്തെ കുറിക്കുന്നു എന്ന് സാരം. ശാശ്വതമൂല്യാവഹങ്ങളും ഭദ്ര ശില്‍പ്പങ്ങളും കാലദേശ ഭേദമെന്യേ സര്‍വ്വ ജനങ്ങളും ആദരിക്കുന്നതുമായ സാഹിത്യകൃതികളുടെ മൗലിക സ്വഭാവത്തെയാണ് ക്ലാസിസം എന്ന പദംകൊണ്ട് കുറിക്കുന്നത്. ജീവിതാനുകരണപരത, മൂല്യവിഷയകമായ ആധികാരികത, വ്യവസ്ഥിതത്വം, സ്പഷ്ടത, ഗൗരവാഹമായ ലാളിത്യം, രൂപഭാവങ്ങളുടെ കൂറിണക്കം തുടങ്ങിയവയെല്ലാം ക്ലാസിക് സാഹിത്യത്തിന്റെ ധര്‍മ്മങ്ങളാണ്. പൗരാണികരെ സംബന്ധിച്ചിടത്തോളം മനുഷ്യരുടെ മുഖ്യമായ പഠന വസ്തു മനുഷ്യന് തന്നെയാണ്. പറയാനു
ള്ളത് നല്ല രീതിയില്‍ പറയുന്നതിനാല്‍ പൗ
രാണിക കൃതികള്‍ എത്ര പരിവൃത്തി വേണമെങ്കിലും കേള്‍ക്കാമെന്നതാണ് ക്ലാസിക്കുകളുടെ ഒരു മുഖ്യ ധര്‍മ്മമായി വാള്‍ട്ടര്‍ പേറ്റര്‍ക്ക് തോന്നുന്നത്. ഷില്ലര്‍, ഷ്ളേഗല്‍ തുടങ്ങിയ ജര്‍മ്മന്‍ നിരൂപകര്‍ ക്ലാസിക് കലയെ ‘സൗന്ദര്യമായും’ റൊമാന്റിക് കലയെ ഊര്‍ജ്ജമായും കാണുന്നു. മഹാകവി ഗ്വെയ്ഥേക്ക് ക്ലാസിക് കല ആരോഗ്യ പൂര്‍ണ്ണവും റൊമാന്റിക് കല രോഗാധീനവുമാണ്.
ഭാവരൂപങ്ങളുടെ ബന്ധത്തെ കലയുടെ വൈശിഷ്ട്യത്തിന് മാനദണ്ഡമാക്കുന്ന ഹേഗല്‍ ക്ലാസിക് കലയുടെ മുഖ്യ സ്വഭാവമായി കാണുന്നത് സര്‍ഗ്ഗ കര്‍ത്താവിന്റെ അന്തര്‍ഭാവത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് പ്രകാശിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ഭാവരൂപങ്ങളുടെ സമതുലിതാവസ്ഥയാണ്.
വാല്മീകി, വ്യാസന്, ഹോമര്‍, സൊഫോക്ലീസ്, എസ്കിലസ്, ഷേക്സ്പിയര്, കാളിദാസന്, ദാന്തെ തുടങ്ങിയ മഹാമതികളുടെ കൃതികളെപ്പോലെ ക്ലാസിക്കുകളായി വിവിധ ഭാഷകളില്‍, പല ശാഖകളില്‍ ദെസ്തയെവ്സ്കി, ടോള്‍സ്റ്റോയ്, തോമസ് മന് തുടങ്ങിയവരുടെയും ആധുനികരുടെയും കൃതികളും പ്രതിഷ്ഠ നേടിയിട്ടുണ്ട്.
പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും, സാഹിത്യ വിമര്‍ശകനുമായ ഇറ്റാലോ കാല്‍വിനോ
ക്ലാസിക്കുകളെ താഴെക്കാണുന്ന വിധം നിര്‍വ്വചിച്ചിരിക്കുന്നത് ഇന്ന് സാര്‍വലൗകീകമായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
ഒന്ന്: ധാരാളം വായിക്കുന്ന ആളുകള്‍, ‘ഞാന്‍ വീണ്ടും വായിക്കുകയാണ്’ എന്നല്ലാതെ, ‘ഞാന്‍ വായിക്കുകയാണ്’ എന്ന് ഏതിനെക്കുറിച്ച് പറയാതിരിക്കുന്നുവോ അതാണ് ക്ലാസിക് കൃതി.
രണ്ട്: ആളുകള്‍ വായിച്ച്, ഇഷ്ടപ്പെട്ട്, സൂക്ഷിക്കുന്ന കൃതി.
മൂന്ന്: വ്യക്തിയുടെയും സമൂഹത്തിന്റെയും അബോധ മനസ്സില്‍ പ്രഛന്നമായിരിക്കുന്നതും സ്മൃതിയില്‍ നിന്നൊരിക്കലും നിഷ്കാസിതമാകാതിരിക്കുന്നതും സവിശേഷ സ്വാധീനശക്തി ചെലുത്തുന്നതുമായ കൃതി.
നാല്: സ്വയം മാറ്റമില്ലാതിരിക്കെത്തന്നെ, വായനക്കാരുടെ പക്വതയ്ക്കൊത്ത് പുതിയ കണ്ടെത്തലിലേക്കുള്ള സമുദ്രയാനമായി, ആദ്യപാരായണമായി തോന്നിപ്പിക്കുന്ന കൃതി.
അഞ്ച്: പറയാനുള്ളത് ഒരിക്കലും പറഞ്ഞു തീര്‍ത്തിട്ടില്ലാത്ത കൃതി.
ഈ അനുഭവങ്ങളുണ്ടാകണമെങ്കില് ക്ലാസിക്കുകളുമായി മനസ്സാ ബന്ധപ്പെടണം. വെറും കടമ എന്ന നിലയിലോ, ആദരവുകൊണ്ടൊ അല്ല വായിക്കേണ്ടത്. വായന പ്രേമ പൂര്വ്വമാവണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്തു കടക്കുമ്പോഴാണ് മമതയോടെയുള്ള തെരഞ്ഞെടുപ്പ് നടക്കുക. പതുക്കെപ്പതുക്കെ നാം ക്ലാസിക്കുകളുമായി താദാത്മ്യം പ്രാപിക്കുന്നു. അങ്ങനെ നമുക്ക് പ്രപഞ്ച തുല്യമായി, രക്ഷാകവചമായി, മല്ലാര്‍മെ പറയുന്നതുപോലെ ഗ്രന്ഥസര്വ്വസ്വമായി (ഠീമേഹ ആീീസ)ത്തീരുന്ന കൃതി. നമുക്ക് യോജിക്കാനാവാത്ത ആശയാദികളുള്ക്കൊള്ളുന്ന കൃതിയെയും നാം ഇഷ്ടപ്പെടാം. (കാല്വിനോവിന് റൂസ്സോയുടെ കൃതികളോട് ഇത്തരത്തിലുള്ള ഇഷ്ടമാണുണ്ടായിരുന്നത്.)
(Why read the classics – The Literature Machine – ltalo Calvino )
ക്ലാസ്സിക് വായിക്കുന്നതെന്തിനാണ്? നാം ജീവിക്കുന്ന കാലത്തെ ആഴത്തിലറിയാന്‍ പറ്റിയ കൃതികള്‍ വായിച്ചാല്‍ പോരെ?
സാഹചര്യം ഒരു പൊരുത്തവുമില്ലാത്ത താല്‍ക്കാലിക താല്‍പ്പര്യങ്ങളുടെ നിയന്ത്രണത്തിലായിരിക്കെത്തന്നെ, ഒരു പാശ്ചാത്തല ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ഒന്നാണ് ഒരു ക്ലാസിക് കൃതി.
നാം ആരാണെന്നും എവിടെയാണു നില്‍ക്കുന്നതെന്നും അറിയാന്‍ സഹായിക്കുന്നു ഒരു ക്ലാസിക് കൃതി.
ഇതിന്റെ മഹത്ത്വത്തെയും, അതുള്‍ക്കൊള്ളുന്ന ജീവിതാനുഭവത്തിന്റെ അര്‍ത്ഥ വൈപുല്യങ്ങളെയും വ്യാപ്തികളെയും, സാംസ്കാരികമായ അതിന്റെ പ്രഭാവത്തെയും ഇത്ര അഗാധമായി മറ്റാരും നിരീക്ഷിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നറിയുമ്പോഴാണ് അത്യുജ്വല ധിഷണാശാലിയായ ഈ ചിന്തകനും, സാഹിത്യകാരനുമായ ഇറ്റലിക്കാരന്റെ നിരീക്ഷണത്തിന്റെ നിസ്തുലത നമുക്ക് ശരിക്കും ബോദ്ധ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: