ആലപ്പുഴ: കോവിഡ്വ്യാപനം വര്‍ദ്ധിക്കുന്നതിനാല്‍ പല പ്രദേശങ്ങളും കണ്ടെയ്ന്മെന്റ് സോണാക്കുകയും കടുത്ത നിയന്ത്രണങ്ങളും നടപ്പില്‍ വരുത്തിയിട്ടുണ്ട്. ഇത് മൂലം കോവിഡ് രോഗികളും ക്വാറന്റൈനില്‍ ഇരിക്കുന്നവരും വസിക്കുന്ന വീടുകളില്‍ അടക്കം അറ്റകുറ്റപ്പണികള്‍ നടത്തി വൈദ്യുതി തടസം ഒഴിവാക്കുവാന്‍ തൊഴിലാളികള്ക്കാകുന്നില്ലെന്നും പോലീസ് പിഴ ചുമത്തുകയാണെന്നും കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് (കെഇഡബ്ല്യുഎസ്എ) സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ലോക് ഡൗണ്‍ സമയത്ത് പോലും സംഘടനാ തിരിച്ചറിയല്‍ കാര്‍ഡോ, വയര്‍മെന്‍ ലൈസന്‍സോ കാണിച്ചാല്‍ ഇത്തരം ജോലികള്‍ ചെയ്യുവാന്‍ പോകുവാന്‍ പോലീസ് അനുവദിക്കുമായിരുന്നു. കടുത്ത വേനലില്‍ വൈദ്യുതി തടസം നേരിട്ട് ഒട്ടനവധി കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.
വൈദ്യുതി മീറ്റര്‍ വരെയുള്ള വൈദ്യുതി തടസ്സമേ വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് പരിഹരിക്കാനാകൂ. വീടിനകത്തുള്ള തകരാറുകള്‍ പരിഹരിച്ച് നല്കുവാന് സാങ്കേതിക പരിജ്ഞാനം നേടിയ വയര്‍മെന്‍ തൊഴിലാളികളെ കൊണ്ടേ സാധിക്കൂ.
വൈദ്യുതിയും വെള്ളവും അത്യാവശ്യ ഘടകമായതിനാല്‍ വയര്‍മെന്‍ അസോസിയേഷന് സംസ്ഥാന കമ്മറ്റി തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് ഇത്തരം ജോലികള്‍ ചെയ്തു കൊടുക്കുന്നതിനുള്ള അവസരം ഉണ്ടാക്കി തരണം. ഓണ്‍ലൈനില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.ടി ലാന്‍സണ്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: