ഷൊര്‍ണൂര്‍: വാക്സിന് വിതരണത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്ന നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ മെഡിക്കല്‍ സൂപ്രണ്ടിനെ ഉപരോധിച്ചു. വാക്സിന് വിതരണവിവരം സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് മാത്രം രഹസ്യ സന്ദേശത്തിലൂടെ അറിയിക്കുന്ന നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ. പ്രസാദ് പറഞ്ഞു.
ഷൊര്‍ണൂരില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി കൂടുമ്പോള്‍ വാക്സിന് കുത്തിവെപ്പ് ഔദ്യോഗികകമായി അറിയിക്കുന്നതിനു പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാത്രം കൈമാറ്റം ചെയ്യുന്ന ചില ഉദ്യോഗസ്ഥരുടെ പ്രവണത വെച്ചു പൊറിപ്പിക്കാനാവില്ലെന്ന് ബിജെപി പറഞ്ഞു.
സിപിഎം കൗണ്‍സിലര്‍മാര്‍ പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് കൈമാറി കുത്തിവെപ്പ് നടത്തുകയാണ്. സാധാരണക്കാരായ ജനങ്ങളെ നോക്കുകുത്തികളാക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്രണ്ടിന് അറിവില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
രഹസ്യസ്വഭാവമുള്ള ഔദ്യോഗിക സന്ദേശങ്ങള്‍ പുറത്തു പോകാതെ ശ്രദ്ധിക്കാമെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് സമരം നിര്‍ത്തിയത്. കൗണ്‍സിലര്‍മാരായ ഇ.പി. നന്ദകുമാര്‍, സിനിമനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: